റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം
വൈഡ് റിലീസിന്‍റെയും സമൂഹമാധ്യമങ്ങളുടെയും ഇക്കാലത്ത് റിലീസ് ദിനത്തില്‍ തന്നെ ഒരു സിനിമയുടെ ജാതകം ഏറെക്കുറെ കുറിക്കപ്പെടും. അതിനാല്‍ത്തന്നെ ആദ്യദിനം വരുന്ന അഭിപ്രായം എങ്ങനെയെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ സാകൂതം നിരീക്ഷിക്കാറുണ്ട്. മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയ ദിവസം തന്നെ വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ഒരു ചിത്രം 2018 ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു ചിത്രവും അത്തരത്തില്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയറ്ററുകള്‍ നിറയ്ക്കുകയാണ്.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് പ്രേക്ഷകപ്രീതി കൊണ്ട് ശ്രദ്ധ നേടുന്നത്. ഒരു സാധാരണ മമ്മൂട്ടി ചിത്രത്തേക്കാള്‍ വളരെ കുറഞ്ഞ സ്ക്രീന്‍ കൌണ്ടുമായാണ് വ്യാഴാഴ്ച ചിത്രം തിയറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ 168 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. എന്നാല്‍ മോണിംഗ് ഷോകളിലൂടെത്തന്നെ മികച്ച അഭിപ്രായം വന്നുതുടങ്ങിയതോടെ മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ തിയറ്റര്‍ ഒക്കുപ്പന്‍സി വര്‍ധിച്ചു. പ്രേക്ഷകരുടെ വന്‍ നിരയെ മുന്നില്‍ക്കണ്ട് ആദ്യദിനം എഴുപത്തഞ്ചോളം ലേറ്റ് നൈറ്റ് ഷോകളാണ് ആദ്യദിനം കേരളത്തില്‍ നടന്നത്. രണ്ടാം ദിവസം 85 പുതിയ സ്ക്രീനുകളിലേക്കും ചിത്രം എത്തി.
രണ്ടാം ദിനം കേരളത്തില്‍ 253 സ്ക്രീനുകളിലേക്ക് കൌണ്ട് വര്‍ധിപ്പിച്ച ചിത്രത്തിന് ശനിയാഴ്ച 125 എക്സ്ട്രാ ഷോകളാണ് നടന്നത്. നാലാം ദിനമായ ഞായറാഴ്ചയിലേക്ക് എത്തിയപ്പോള്‍ തിയറ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ് ചിത്രം. കേരളത്തില്‍ മാത്രം 330 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ 1.6 ലക്ഷം ടിക്കറ്റുകളാണ് ചിത്രത്തിന്‍റേതായി വിറ്റിരിക്കുന്നത്. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ പ്രതികളെ തേടി കേരളത്തിന് പുറത്ത് പോകുന്ന പൊലീസ് സംഘത്തിന്‍റെ കഥയാണ് പറയുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ALSO READ : മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രത്തിലേക്കും മോഹന്‍ലാല്‍; ഒപ്പം പ്രഭാസും നയന്‍താരയും!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക