സംവിധാനം ചെയ്ത ചിത്രങ്ങളേക്കാള്‍ ആക്ഷന്‍ കൊറിയോഗ്രാഫറായുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ആളാണ് ജെ ജെ പെറി
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ നിരയില്‍ വരുന്നതാണ് കെജിഎഫ് ഫ്രാഞ്ചൈസി. കന്നഡ മുഖ്യധാരാ സിനിമയെ പാന്‍ ഇന്ത്യന്‍ സ്വീകാര്യതയിലേക്ക് ഉയര്‍ത്തിയ ചിത്രം നായകനായ യഷിന്‍റെ കരിയറിലും വന്‍ ബ്രേക്ക് ആണ് നല്‍കിയത്. എന്നാല്‍ കെജിഎഫ് 2 ന് ശേഷം യഷിന്‍റേതായി ഒരു ചിത്രവും പ്രദര്‍ശനത്തിന് എത്തിയിട്ടില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ഒന്നര വര്‍ഷമായി അദ്ദേഹത്തിന്‍റേതായി ഒരു ചിത്രവും പ്രഖ്യാപിച്ചിട്ടോ ആരംഭിച്ചിട്ടോ ഇല്ല. യഷിന്‍റെ അടുത്ത ചിത്രം മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ആണ് ഒരുക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും എത്തിയിരുന്നില്ല. ഇപ്പോഴിതാ യഷിന്‍റെ ഒരു പുതിയ ചിത്രം സോഷ്യല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ഹോളിവുഡ് സംവിധായകനും നടനും ആക്ഷന്‍ കൊറിയോഗ്രാഫറുമായ ജെ ജെ പെറിയ്ക്കൊപ്പമാണ് യഷിന്‍റെ വൈറല്‍ ചിത്രം. പെറി തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലണ്ടനിലാണ് യഷ് ഇപ്പോള്‍. പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കും ലുക്ക് ടെസ്റ്റിനുമായാണ് കന്നഡ സൂപ്പര്‍താരം അവിടെ എത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അവിടെവച്ചാണ് പെറിയുമായുള്ള യഷിന്‍റെ കൂടിക്കാഴ്ചയും. സംവിധാനം ചെയ്ത ചിത്രങ്ങളേക്കാള്‍ ആക്ഷന്‍ കൊറിയോഗ്രാഫറായുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ആളാണ് ജെ ജെ പെറി. ജോണ്‍ വിക്ക് ആണ് അതില്‍ പ്രധാനം.
അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ എന്തെങ്കിലും സര്‍പ്രൈസുകള്‍ ഉണ്ടോ എന്നതാണ് യഷ് ആരാധകരുടെ കൌതുകം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുമെന്ന് പറയപ്പെടുന്ന ചിത്രത്തിലെ ആക്ഷന്‍ മേഖലയില്‍ ജെ ജെ പെറി ഉണ്ടാവുമോ എന്നാണ് ഒരു അന്വേഷണം. ഇനി യഷ് ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണോ എന്ന് മറ്റൊരു വിഭാഗവും ചോദിക്കുന്നു. അതേസമയം യഷ് 19 ന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഏറെ വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക