350 കോടി ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ്
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു തമിഴ് ചിത്രം കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ നിര്‍മ്മാണം സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നായിരുന്നു. 350 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ശിവയും. എന്നാല്‍ പ്രേക്ഷകരില്‍ മതിപ്പുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. ഫലം ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായും കങ്കുവ മാറി. ഇപ്പോഴിതാ സിനിമാപ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് പ്രതീക്ഷിച്ചതിലും നേരത്തെ ചിത്രത്തിന്‍റെ ഒടിടി റിലീസും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
നവംബര്‍ 14 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയുമായാണ് നിര്‍മ്മാതാക്കള്‍ കരാര്‍ ഉണ്ടാക്കിയിരുന്നത്. ഇതുപ്രകാരം എട്ട് ആഴ്ചത്തെ ഒടിടി വിന്‍ഡോ ആണ് ആദ്യം നിശ്ചയിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ തിയറ്ററില്‍ മോശം പ്രതികരണം നേടിയതോടെ ഇത് നാല് ആഴ്ചയായി കുറയുമെന്നും പിന്നാലെ റിപ്പോര്‍ട്ടുകള്‍ എത്തി. ഇപ്പോഴിതാ നാല് ആഴ്ച പോലും പൂര്‍ത്തിയാക്കുംമുന്‍പേ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ.
ഈ മാസം 8 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. അതേസമയം ഒടിടി റിലീസിന് മുന്‍പേ ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് ഓണ്‍ലൈനില്‍ ചോര്‍ന്നത് നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ബോബി ഡിയോള്‍ പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ ദിഷ പഠാനിയാണ് നായിക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവയ്ക്കൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ്. വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, അബ്ദുള്ള അല്‍ സാജിദ് എന്നിവരാണ് കെ ഇ ജ്ഞാനവേല്‍ രാജയ്ക്കൊപ്പം ചേര്‍ന്ന് കങ്കുവ നിര്‍മ്മിച്ചിരിക്കുന്നത്.
ALSO READ : 'രുധികം' കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി ഹൊംബാലെ ഫിലിംസ്