ജീവിച്ചിരുന്ന കാലത്ത് മകൻ എത്തിയ ഉയരങ്ങൾ കണ്ട സംതൃപ്തിയോടെ ആണ് ഉമ്മ യാത്രയായതെന്ന് കമൽഹാസൻ.
കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ള നിരവധി പേരാണ് അനുശോചന അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ ഉമ്മയുടെ വേർപാടിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് കമൽഹാസൻ. ജീവിച്ചിരുന്ന കാലത്ത് മകൻ എത്തിയ ഉയരങ്ങൾ കണ്ട സംതൃപ്തിയോടെ ആണ് ഉമ്മ യാത്രയായതെന്ന് കമൽഹാസൻ ട്വീറ്റ് ചെയ്യുന്നു.
'പ്രിയപ്പെട്ട മമ്മൂക്ക, താങ്ങളുടെ മാതാവിന്റെ വിയോഗത്തെ കുറിച്ച് അറിഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്ക് കഴിഞ്ഞു. വലിയ സംതൃപ്തിയോടെയാകും അവർ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയിൽ ഞാനും പങ്കുചേരുന്നു’, എന്നാണ് കമൽഹാസൻ കുറിച്ചത്.
Dear friend ,
Heard of your mother’s demise. You are fortunate that your mother lived to see the heights you have reached . She must have left with great satisfaction. Only time will heal your pain . I share your grief .
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഫാത്തിമ ഇസ്മായിലിന്റെ അന്ത്യം. 93 വയസ്സായിരുന്നു. മമ്മൂട്ടിയുൾപ്പെടെ ആറ് മക്കളുണ്ട്. ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിം കുട്ടി, ചലച്ചിത്ര നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്.
"എന്‍റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയിൽ എന്‍റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്‍റെ സിനിമയില്‍ ഏതാണ് ഇഷ്ടം. എന്‍റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ ഉമ്മയ്ക്ക് അറിയല്ല. ഉമ്മ ഇപ്പേള്‍ കുറേ ദിവസമായി എന്‍റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്‍റെ അടുത്തേയ്ക്ക് പോകണമെന്ന്, 'എന്നെ അവിടെക്കൊണ്ടാക്ക്' എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്‍റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്‍റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ. 'ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം' എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും", എന്നായിരുന്നു ഒരിക്കല്‍ ഉമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.