കമല്‍ഹാസന്‍റെ പ്രതിച്ഛായ തകര്‍ത്തോ 'പ്രദീപ് ആന്‍റണി റെഡ് കാര്‍ഡ് വിവാദം'? തമിഴ് ബിഗ്ബോസിനെ കത്തിച്ച് വിവാദം.!

By Web Team  |  First Published Nov 14, 2023, 9:25 AM IST

ഭൂരിപക്ഷം പേരും പ്രദീപിനെതിരെ വോട്ട് ചെയ്തു. ഇതോടെ പ്രദീപിന് കമല്‍ റെഡ് കാർഡ് നല്‍കി ബിഗ്ബോസ്  വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇത് പ്രദീപിനോട് അനീതിയാണെന്നാണ് പിന്നാലെ  ഓൺലൈനിൽ ഇയാളുടെ ആരാധകര്‍ വിമര്‍ശനം ഉയര്‍ത്താന്‍ തുടങ്ങിയത്. 


ചെന്നൈ: ബിഗ്ബോസ് തമിഴ് സീസണ്‍ 7 പുരോഗമിക്കുകയാണ്. ഈ സീസണില്‍ ജനപ്രിയനായ ഒരു മത്സരാര്‍ത്ഥിയായിരുന്നു പ്രദീപ് ആന്‍റണി. നടനായ ഇദ്ദേഹം എന്നാല്‍ പത്ത് ദിവസം മുന്‍പ് ഷോയില്‍ നിന്നും ഔട്ടായി. പ്രേക്ഷക വോട്ടില്‍ അല്ല, ഷോ അവതാരകനായ കമല്‍ഹാസന്‍ റെഡ് കാര്‍ഡ് കൊടുത്താണ് ഇദ്ദേഹത്തെ പുറത്താക്കിയത്. 

അരുവി, വഴല്‍ പോലുള്ള ചിത്രങ്ങളില്‍ നായകനായ താരമാണ് പ്രദീപ്. ഒപ്പം ഡാഡ പോലുള്ള അടുത്തിടെ ഹിറ്റായ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു ഫിലിംമേക്കറായി വളരാന്‍ പ്രശസ്തിയും പണവും ആവശ്യമാണ് എന്നതിനാലാണ് താന്‍ ബിഗ്ബോസിലേക്ക് വന്നത് എന്നാണ് ആദ്യ എപ്പിസോഡില്‍ പ്രദീപ് പറഞ്ഞത്. അതിന് പിന്നാലെ വീട്ടിലെത്തിയ പ്രദീപ് എല്ലാത്തിലും ഇടപെടും, വാദിക്കും ഇങ്ങനെ വളരെ സജീവമായ ഇടപെടല്‍ ആയിരുന്നു.

Latest Videos

പ്രേക്ഷകരുടെ ഇടയില്‍ പ്രദീപിന് ഇത് മികച്ച സപ്പോര്‍ട്ട് ഉണ്ടാക്കി. എന്നാല്‍ വീട്ടിലെ വലിയൊരു വിഭാഗത്തിന് ഇത് അത്ര നല്ലതായിരുന്നില്ല. പ്രദീപിന്‍റെ പെരുമാറ്റം ശരിയല്ല എന്നാണ് അവര്‍ പരാതി പറഞ്ഞത്. പ്രധാനമായും ഒരു ഗ്യാങ്ങായി ഷോയില്‍ രൂപപ്പെട്ട മായ, പൂര്‍ണ്ണിമ, ജോവിക എന്നിവര്‍ക്ക്. ഇവരുമായി എപ്പോഴും പ്രദീപ് പ്രശ്നത്തിലായിരുന്നു. 

ഇത്തവണത്തെ ബിഗ്ബോസ് തമിഴ് സീസണില്‍  ഓരോ മത്സരാര്‍ത്ഥിക്കും ഒരോ ചുവന്ന കയ്യുറ നൽകിയിട്ടുണ്ട്. വാരാന്ത്യങ്ങളിൽ കമൽഹാസനെ കാണുമ്പോള്‍ എന്തെങ്കിലും പ്രശ്നം ഉന്നയിക്കാന്‍ ഇത് ഉയര്‍ത്തി കാണിക്കാം. വാരാന്ത്യ എപ്പിസോഡുകളിൽ ഒരാൾക്ക് കയ്യുറ ഉയർത്തി പരാതി നൽകാം. ഉറിമൈ കുറൽ (അവകാശത്തിനുള്ള ശബ്ദം ) എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 

നവംബർ നാലിന്, മായ, പൂർണിമ, ജോവിക ഈ സംഘവും ഒപ്പം നിക്‌സൻ, കൂൾ സുരേഷ്, ശരവണ വിക്രം, അക്ഷയ എന്നിവർ പ്രദീപ് ആന്റണിക്കെതിരെ പരാതി ഉന്നയിക്കാൻ ഗ്ലൗസ് ഉയര്‍ത്തി. പ്രദീപിന്‍റെ വിചിത്രമായ പെരുമാറ്റം, അശ്ലീല തമാശകൾ, ബഹുമാനം ഇല്ലാത്ത ധിക്കാരം നിറഞ്ഞെ പെരുമാറ്റം എന്നിങ്ങനെ മറ്റ് മത്സരാര്‍ത്ഥികള്‍ പരാതി ഉയര്‍ത്തി. ഒരു ഘട്ടത്തില്‍ പ്രദീപ് വീട്ടില്‍ തുടരുന്നത് വീട്ടിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് തന്നെ പ്രശ്നമാണ് എന്ന വാദവും ഉയര്‍ന്നു.

ഇതോടെ  കമല്‍ഹാസന്‍ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വോട്ടിംഗ് നടത്തി. പ്രദീപ് പുറത്തുപോകണമോ ഇല്ലയോ എന്നത് മത്സരാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം എന്നതായിരുന്നു വോട്ടിംഗിന്‍റെ ഉദ്ദേശം. 

ഭൂരിപക്ഷം പേരും പ്രദീപിനെതിരെ വോട്ട് ചെയ്തു. ഇതോടെ പ്രദീപിന് കമല്‍ റെഡ് കാർഡ് നല്‍കി ബിഗ്ബോസ്  വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇത് പ്രദീപിനോട് അനീതിയാണെന്നാണ് പിന്നാലെ  ഓൺലൈനിൽ ഇയാളുടെ ആരാധകര്‍ വിമര്‍ശനം ഉയര്‍ത്താന്‍ തുടങ്ങിയത്. ‘ദ ബുള്ളി ഗ്യാംഗ്’ എന്നാണ് മായയെയും സംഘത്തെയും ഇവര്‍ വിളിക്കാന്‍ തുടങ്ങിയത്. അവതാരകനായ കമല്‍ഹാസന്‍ പക്ഷപാതപരമായി പെരുമാറിയെന്നും പ്രദീപ് ആരാധകര്‍ ആരോപിക്കുന്നു. 

അതേ സമയം വീട്ടിലെ അംഗങ്ങളായ വിചിത്രയും, അര്‍ച്ചനയും പ്രദീപിന്‍റെ പുറത്താക്കലിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇവര്‍ ‘ദ ബുള്ളി ഗ്യാംഗ്’മായി ശക്തമായ വഴക്ക് തന്നെ നടന്നു. അതേ സമയം പുറത്ത് മുന്‍ ബിഗ്ബോസ് താരങ്ങള്‍ അടക്കം പ്രദീപിന് പിന്തുണയുമായി എത്തിയിരുന്നു. പ്രദീപിന്‍റെ പേര് നശിപ്പിച്ച് പുറത്താക്കുകയായിരുന്നു എന്നാണ് ചില മുന്‍ ബിഗ്ബോസ് താരങ്ങള്‍ യൂട്യൂബ് അഭിമുഖങ്ങളില്‍ ആരോപിച്ചത്.  മായ, പൂർണിമ, ജോവിക ഈ സംഘത്തിന്‍റെ കുതന്ത്രങ്ങളാണ് പ്രദീപിനെ പുറത്താക്കിയത് എന്ന പേരില്‍ ഇവര്‍ക്കെതിരെ വന്‍ സൈബര്‍ ആക്രമണവും നടന്നു.

അതേ സമയം ഒരാഴ്ചയോളം ബിഗ്ബോസ് വീട്ടില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയാണ് നടന്നത്. അങ്ങനെ നവംബര്‍ 11ന് വീണ്ടും കമല്‍ വാരാന്ത്യ എപ്പിസോഡില്‍ എത്തി. 
പ്രദീപിനെ പുറത്താക്കിയത് അന്യായമാണെന്ന് വിചിത്രയും അർച്ചനയും ഒരിക്കൽ കൂടി കമലിനോട് ഉന്നയിച്ചു. എന്നാല്‍ പ്രദീപ് ഒരിക്കലും ഇനി തിരിച്ചുവരില്ലെന്നും അതാണ് തന്‍റെ തീരുമാനം. ഈ തീരുമാനത്തെ എതിര്‍ത്ത് അയാള്‍ വന്നാല്‍ താന്‍ ഇവിടെയുണ്ടാകില്ലെന്ന് കമല്‍ അറത്ത് മുറിച്ച് തന്നെ പറഞ്ഞു.

ഒപ്പം പ്രദീപിന് തന്‍റെ ഭാഗം വിശദീകരിക്കാന്‍ കമല്‍ അവസരം കൊടുത്തില്ലെന്ന വാദത്തിനും കമല്‍ മറുപടി പറഞ്ഞു.  "തന്റെ ഭാഗം വിശദീകരിക്കാൻ പ്രദീപിനെ അനുവദിച്ചില്ലെന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ടെന്നും കമൽ പറഞ്ഞു. അയാള്‍ക്ക് അവസരം നല്‍കിയിരുന്നു. തനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, താന്‍ ചെയ്ത തെറ്റുകളില്‍ ഒരു പാശ്ചത്തപവും ഇല്ലാതെ മറ്റുള്ളവർ തന്നെക്കാൾ വലിയ തെറ്റുകൾ ചെയ്യുന്നുണ്ടെന്നാണ് പ്രദീപ് അവകാശപ്പെട്ടത്. ഒരു സന്ദർഭത്തിൽ, അത് അയാളെ വളരെ മോശം അവസ്ഥയിലാക്കുമെന്ന് ഞാന്‍ കരുതി. അയാള്‍ക്ക് മികച്ച അവസരം ലഭിച്ചു. ” കമല്‍ വിശദീകരിച്ചു.

അതേ സമയം പുറത്തിറങ്ങിയ പ്രദീപ് ഒരാഴ്ച ദിവസവും അനവധി ട്വീറ്റുകളാണ് ബിഗ്ബോസ് നടത്തുന്ന എന്‍റമോള്‍ ഷൈന്‍, വിജയ് ടിവി അവതാരകന്‍ കമല്‍ എന്നിവരെ ടാഗ് ചെയ്ത് ഇട്ടിരുന്നത്. അതില്‍ പലതിലും താന്‍ തിരിച്ചുവരും എന്ന സൂചന പ്രദീപ് നടത്തി. അത് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയുമായി എന്നാല്‍ അതൊന്നും അവസാനം ഏറ്റില്ലെന്ന് മനസിലായി തിങ്കളാഴ്ച 'ഗെയിം ഓവര്‍' എന്ന സോഷ്യല്‍ മീഡിയ പോസ്റ്റാണ് പ്രദീപ് ഇട്ടത്. 

എന്നാല്‍  തിങ്കളാഴ്ചത്തെ എപ്പിസോഡ് മുതല്‍ തമിഴ് ബിഗ്ബോസില്‍ പ്രദീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ വിവാദങ്ങളും പഴയ കാര്യമായി മാറികഴിഞ്ഞു എന്ന സൂചനയാണ് ലഭിച്ചത്. വിവാദം വലിയ വിഷയമാക്കരുതെന്ന് ആരാധകരോട് പ്രദീപും എക്സിലൂടെ അറിയിച്ചു  "ഞാൻ വളരെ ജോളിയാണ്. നിങ്ങൾ പടക്കം പൊട്ടിച്ച് മട്ടനും ഒക്കെ കഴിച്ച് ജീവിതം ആസ്വദിക്കൂ. ഞാൻ ഒരു സിനിമ ചെയ്യുമ്പോൾ നിങ്ങളുടെ എല്ലാ പിന്തുണയും നൽകുക. നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. ” എന്നായിരുന്നു പ്രദീപിന്‍റെ പോസ്റ്റ്, 

എന്നാല്‍ നിക്ഷപക്ഷനായ ഒരു അവതാരകന്‍ പ്രതിച്ഛായ ബിഗ്ബോസ് സീസണുകളില്‍ ഉടനീളം പുലര്‍ത്തിയ കമൽഹാസന്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ട ഒരാഴ്ചയാണ് പ്രദീപ് റെഡ്കാര്‍ഡ് വിഷയം ഉണ്ടാക്കിയത്. ഇതെല്ലാം തിരക്കഥയുടെ ഭാഗമാണ് എന്നാണ് ചിലര്‍ ആരോപിച്ചത്. 

ജയിലറെ വീഴ്ത്താന്‍ കഴിയില്ലെ ദളപതിക്ക്? : ലിയോയ്ക്ക് സംഭവിച്ചതില്‍ ഞെട്ടി വിജയ് ആരാധകര്‍.!

'ലിയോയും വിക്രവും ഫോണിലൂടെ അല്ല നേരിട്ട് ഒന്നിച്ചു': സര്‍പ്രൈസ് ഉടന്‍ ഉണ്ടാകുമോ എന്ന് ചര്‍ച്ച.!

click me!