'കല്‍ക്കി 2898 എഡി' ബുസാന്‍ ചലച്ചിത്രോത്സവത്തിലേക്ക്

By Web TeamFirst Published Sep 27, 2024, 10:31 AM IST
Highlights

ഒക്ടോബര്‍ 2 മുതല്‍ 11 വരെയാണ് ഇത്തവണത്തെ ബുസാന്‍ ചലച്ചിത്രോത്സവം

തെലുങ്ക് സിനിമയില്‍ നിന്ന് സമീപകാലത്ത് എത്തിയ പാന്‍ ഇന്ത്യന്‍ വിസ്മയമായിരുന്നു കല്‍ക്കി 2898 എഡി. നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. ജൂണ്‍ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1200 കോടിയില്‍ അധികമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഒരു പ്രധാന അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലക്കും ചിത്രം പ്രദര്‍ശനത്തിനായി എത്തുകയാണ്. ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്കാണ് ചിത്രം എത്തുന്നത്.

ഒക്ടോബര്‍ 2 മുതല്‍ 11 വരെയാണ് ഇത്തവണത്തെ ബുസാന്‍ ചലച്ചിത്രോത്സവം. ഒക്ടോബര്‍ 8, 9 തീയതികളിലാണ് ചിത്രം ബുസാനില്‍ പ്രദര്‍ശിപ്പിക്കുക. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. സംവിധായകന്‍ നാഗ് അശ്വിനൊപ്പം റുഥം സമര്‍, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Videos

വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയുള്ള താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് കഥാപാത്രങ്ങളായി എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തിയിരുന്നു. അതേസമയം ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ 25 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2027 ലാണ് രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്തുക.

ALSO READ : സാം സിഎസിന്‍റെ സംഗീതം; 'കൊണ്ടലി'ലെ വീഡിയോ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!