പ്രഭാസിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം കൽക്കി 2898 എഡി, ആഗോളതലത്തിൽ 1200 കോടിയിലധികം കളക്ഷൻ നേടി, ഇന്ത്യയിൽ നിന്ന് മാത്രം 650 കോടിക്ക് അടുത്ത് നേടി.
ഹൈദരാബാദ്: പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ആഗോളതലത്തില്‍ കല്‍ക്കി ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമായും കല്‍ക്കി നെറ്റ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. കല്‍ക്കി ഇന്ത്യയില്‍ നിന്ന് മാത്രം 650 കോടിരൂപയ്ക്ക് അടുത്ത് നേടിയിട്ടുണ്ട്.
കൽക്കി 2898 എഡി ജൂൺ 27 നാണ് റിലീസായത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക തുടങ്ങിയ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരന്ന ചിത്രം ഇതിനകം ബോക്സോഫീസില്‍ പല റെക്കോഡുകളും പഴങ്കഥയാക്കി.
റിലീസിന് മുൻപേ തന്നെ വലിയ ഹൈപ്പ് ഉണ്ടാക്കിയ ചിത്രമായിരുന്നു കല്‍ക്കി 2898 എഡി. റിലീസ് ദിവസം തന്നെ 114 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്താന്‍ പോവുകയാണ്. ചിത്രത്തിന്‍റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും, ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോസുമാണ് നടത്തുക എന്നത് നേരത്തെ തീരുമാനിച്ചതാണ്.
ഇത് പ്രകാരം ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് വരുന്ന ആഗസ്റ്റ് 22ന് ആരംഭിക്കും എന്നാണ് പ്രൈം വീഡിയോ ഔദ്യോഗികമായി അറിയിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ കല്‍ക്കി 2898 എഡി ചിത്രം ഈ ദിവസം മുതല്‍ കാണാന്‍ പറ്റും.
നേരത്തെ ഏര്‍ളി ഒടിടി വിന്‍റോയായി നിശ്ചയിച്ചിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ് നീട്ടിയിരുന്നു. തീയറ്ററില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്ന ഗംഭീര പ്രതികരണം പരമാവധി മുതലെടുക്കാന്‍ വേണ്ടി ഒടിടി റിലീസ് രണ്ട് മാസം കഴിഞ്ഞെ കാണൂകയുള്ളൂ എന്നാണ് റിലീസിന് പിന്നാലെ തെലുങ്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് കല്‍ക്കി 2898 എഡി നിര്‍മ്മിച്ചത്. ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് പുറമേ ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തിയ ചിത്രമാണ് കല്‍ക്കി 2898 എഡി.