ഇന്ന് പുലർച്ചേ ആണ് കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ അപകടം നടന്നത്.
കൊച്ചി: കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട ബിനു അടിമാലി, മഹേഷ് എന്നിവർ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്. മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അൽപസമയം മുൻപ് ബിനുവിന്റെ സ്കാനിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ നടന്നിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ പൊട്ടലുണ്ട്. തലയിൽ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തും ചില പ്രശ്നങ്ങൾ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും വരുന്ന വിവരം. കലാഭവൻ പ്രസാദ് ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
"സുധിയുടെ കാര്യത്തിലാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ദുഃഖം. എന്റെ ട്രൂപ്പിൽ ഉണ്ടായിരുന്ന ആളാണ്. വിദേശ ഷോകളിലെല്ലാം ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെയും നില വലിയ പ്രശ്നങ്ങളില്ലെന്നാണ് അറിയാൻ സാധിച്ചത്. മഹേഷിന്റെ കാര്യം ഒന്നും അറിഞ്ഞിട്ടില്ല. കാരണം സ്കാൻ ചെയ്തതിന്റെ റിസൾട്ട് വന്നിട്ടില്ല. ബിനു അടിമാലിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ല. ബ്ലെഡ് ലീക്ക് ചെയ്യുന്ന പ്രശ്നങ്ങളൊന്നും ഇല്ല. അതുണ്ടെങ്കിലേ നമ്മൾ പേടിക്കേണ്ട കാര്യമുള്ളൂ. ചെറിയ പൊട്ടലൊക്കെ ഉണ്ടെന്ന് പറഞ്ഞു. റെസ്റ്റ് എടുത്ത് മാറാവുന്ന പ്രശ്നങ്ങളെ ഉള്ളൂ", എന്നാണ് കലാഭവൻ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
ഇന്ന് പുലർച്ചേ ആണ് കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ അപകടം നടന്നത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചതെന്നും ദൃക്സാക്ഷി പറഞ്ഞിരുന്നു.
ഇന്നലെ സുധി പറഞ്ഞ ആഗ്രഹം; നോവായി അവസാന സെൽഫി, പങ്കുവച്ച് ടിനി