ഹനീഫ് അദേനിയാണ് ചിത്രത്തിന്‍റെ സംവിധാനം
മലയാളത്തിലെ ഏറ്റവും വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. യുവപ്രേക്ഷകരുടെ വലിയ കൂട്ടം തിയറ്ററുകളിലേക്ക് എത്തിയതോടെ ചിത്രം വമ്പന്‍ കളക്ഷനാണ് നേടുന്നത്. ആദ്യദിനം 10.8 കോടി നേടിയ ചിത്രം വാരാന്ത്യത്തില്‍ വന്‍ നേട്ടം സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെ സ്വീകരിച്ചതിന് നന്ദി പറയുകയാണ് നടന്‍ കബീര്‍ ദുഹാന്‍ സിംഗ്.
"ഈ സ്നേഹത്തിന് നന്ദി. മാര്‍ക്കോയെ ഇഷ്ടപ്പെട്ടതിന് നന്ദി. സൈറസിനെ ഇഷ്ടപ്പെട്ടതിന് നന്ദി", കബീര്‍ ദുഹാന്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബഹുഭാഷകളില്‍ അഭിനയിച്ചിട്ടുള്ള കബീറിന്‍റെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമാണ് മാര്‍ക്കോ. മമ്മൂട്ടിയുടെ ടര്ബോയിലൂടെ ആയിരുന്നു മലയാളത്തിലെ അരങ്ങേറ്റം. പിന്നീട് ടൊവിനോ ചിത്രം എആര്‍എമ്മിലും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മാര്‍ക്കോയില്‍ ജഗദീഷ് അവതരിപ്പിച്ചിരിക്കുന്ന ടോണി ഐസക്കിന്‍റെ ദത്തുപുത്രനാണ് കബീര്‍ അവതരിപ്പിച്ചിരിക്കുന്ന സൈറസ് ഐസക്.
undefined
ഉണ്ണി മുകുന്ദനൊപ്പം സിദ്ദിഖ്, അഭിമന്യു ഷമ്മി തിലകന്‍, ആന്‍സണ്‍ പോള്‍, യുക്തി തരേജ, ദുര്‍വ താക്കര്‍, ഷാജി ചെന്‍, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, രവി ബാബു, അര്‍ജുന്‍ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയും എത്തിയിട്ടുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്.
ALSO READ : മാല പാർവ്വതിക്കൊപ്പം മനോജ് കെ യു; 'ഉയിര്' ടീസര്‍ എത്തി