ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് 80-ാം പിറന്നാള്‍

By Web Team  |  First Published Jan 10, 2020, 8:33 AM IST

പിറന്നാൾ ദിനത്തിൽ, കുടുംബ സമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് യേസുദാസ് ചിലവഴിക്കുന്നത്. ക്ഷേത്രത്തിൽ യേശുദാസ് ഇന്ന് ഗാനാർച്ചന നടത്തും.


ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന് ഇന്ന് എൺപതാം പിറന്നാൾ. മലയാളിയുടെ സംഗീതസങ്കൽപ്പത്തിന്‍റെ മറ്റൊരു പേരായി ദാസേട്ടൻ മാറിയിട്ട് ഏഴ് പതിറ്റാണ്ടിലേറെയായി. ഒൻപതാം വയസ്സിൽ തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പിറന്നാൾ ദിനത്തിൽ, കുടുംബ സമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചിലവഴിക്കുന്നത്. ക്ഷേത്രത്തിൽ യേശുദാസ് ഇന്ന് ഗാനാർച്ചന നടത്തും.

മലയാളികള്‍ക്ക് സംഗീതമധുരവും ശ്രുതിശുദ്ധവുമായ ഒരു കാലമാണ് യേശുദാസ്. മലയാളത്തിന്‍റെ ദേശസത്തയെ മലയാളി വീണ്ടെടുത്ത നാദരൂപം. 1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളിൽ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു അച്ഛൻ തന്നെ. എട്ടാം വയസ്സിൽ പ്രാദേശിക സംഗീത മത്സരത്തിൽ നേടിയ സ്വർണപ്പതക്കം വരാനിരിക്കുന്ന സംഗീതവസന്തത്തിന്‍റെ അടയാളനക്ഷത്രമായി. 

Latest Videos

തുടർന്ന്, കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റയും പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെയും ശിഷ്യത്വം, 1960 ൽ തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം. സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ എത്തിയത് വഴിത്തിരിവായി. പ്രിൻസിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ വഴി സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സവിധത്തിലേക്ക്. എം ബി ശ്രീനിവാസിന്‍റെ സംഗീതത്തിൽ കാൽപ്പാടുകൾ എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവിന്‍റെ വരികൾ പാടി സിനിമാ സംഗീത ലോകത്തേക്ക്.

'ജാതിഭേദം മതദ്വേഷം' അവിടുന്നിങ്ങോട്ട് യേശുദാസിനെ കേൾക്കാതെ ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോയിട്ടില്ല, കുടിൽ തൊട്ട് കൊട്ടാരം വരെ അതേറ്റുപാടി. വയലാർ, പി ഭാസ്കരൻ, ഒഎൻവി, ജി.ദേവരാജൻ, ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ് ശ്രീകുമാരൻ തമ്പി, എം കെ അർജ്ജുനൻ എന്നിങ്ങനെ ഒട്ടേറെ മഹാരൂപികൾ, ഈ സമൃദ്ധിയിൽ ഒരേ ഒരു യേശുദാസ്. പ്രതിഭയുടെ ആ വൈവിധ്യം യേശുദാസിലേക്ക് സംക്രമിച്ചു. അത് മലയാളത്തിന്റെ ഗാനവസന്തമായി തലമുറകളിലേക്കും. പല ഭാഷകളിൽ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സർഗ്ഗസംഗീതം പടർന്നുപന്തലിച്ചു.

കോഴിക്കോട് അബ്ദുൾ ഖാദറും മന്നാഡെയും മെഹ്ബൂബും ഉദയഭാനുവും കമുകറയുമെല്ലാം ഗ്രാമീണമായ ശബ്ദഭേദങ്ങളോടെ പാടിയപ്പോൾ യേശുദാസിനെ വിശേഷിപ്പിക്കാൻ നമുക്ക് ഗന്ധർവനെന്ന സംഗീതരൂപകം വേണ്ടിവന്നു. ദേവഗായകൻ! ആലാപനത്തിന്റെയും ശബ്ദത്തിന്റെയും മാനകം മലയാളിക്ക് യേശുദാസായി. അസ്സാമിൽ ഭൂപൻ ഹസാരികയ്ക്കോ പാകിസ്ഥാനിൽ മെഹ്ദി ഹസനോ കിട്ടാത്ത അനന്യത. പാടുന്നവരെല്ലാം യേശുദാസാകാൻ നോക്കി. അങ്ങനെ സംഗീതപ്രതിഭയ്ക്കും മീതെ യേശുദാസ് നമുക്കൊരു വിശ്വാസമായി.

പാട്ടിന്റെ മേടുകൾ കീഴടക്കിയ യേശുദാസ് പക്ഷെ വ്യക്തിപരമായ സാമൂഹ്യ നിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു. വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും പകർപ്പവകാശത്തെയും പറ്റി യേശുദാസ് നടത്തിയ പരാമർശങ്ങളെ വിമർശിക്കാൻ മലയാളി മറന്നില്ല.

click me!