'മമ്മൂക്ക നടത്തിയത് ബോഡി ഷെയ്‍മിംഗ് ആണെന്ന് പറയുന്നവരോട്'; ജൂഡ് ആന്‍റണിയുടെ പ്രതികരണം

By Web Team  |  First Published Dec 13, 2022, 10:24 PM IST

ജൂഡിന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ചിംഗ് വേദിയില്‍ ആയിരുന്നു മമ്മൂട്ടിയുടെ പ്രസംഗം


കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ഒരുക്കിയ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെയാണ് പുറത്തെത്തിയത്. ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ സാന്നിധ്യവും ടീസര്‍ ലോഞ്ചിംഗ് വേദിയില്‍ ശ്രദ്ധ നേടിയിരുന്നു. വേദിയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗത്തിലെ ഒരു പ്രയോഗം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനവിധേയമാക്കിയിരുന്നു. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്‍റണി ജോസഫ്. 

ജൂഡിന്‍റെ പ്രതികരണം

Latest Videos

"മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്‍പറേഷന്‍ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ."

ALSO READ : നായികയുടെ ബിക്കിനിയുടെ നിറം; ഷാരൂഖിന്‍റെ പഠാന്‍ സിനിമയ്ക്കെതിരെ ബഹിഷ്‍കരണാഹ്വാനം

അതേസമയം വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൌതമി നായര്‍ എന്നിവരൊക്കെ ചിത്രത്തില്‍ ഉണ്ട്. ജൂഡ് ആന്‍റണി ജോസഫ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്‍റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. 

click me!