വോയ്സ് നോട്ട്സ് ആന്‍ഡ് ചാറ്റ് സ്ക്രീന്‍ ഷോട്ട്സ് പിന്നാലെ എന്നും ജൂഡ്
സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫിനും നടന്‍ ആന്‍റണി വര്‍ഗീസിനും ഇടയില്‍ നടന്ന ആരോപണ പ്രത്യാരോപണങ്ങള്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ് ഇത്. ആന്‍റണി മുന്‍പ് ഒരു ചിത്രത്തിനുവേണ്ടി അഡ്വാന്‍സ് വാങ്ങിയിട്ട് പിന്മാറിയെന്നും ആ പൈസ കൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ ജൂഡ് പറഞ്ഞത്. എന്നാല്‍ ജൂഡിന്‍റെ ആരോപണം വാസ്തവവിരുദ്ധമാണെന്നും ഇതിനു ശേഷം കുടുംബത്തിന് പുറത്തിറങ്ങാനാവുന്നില്ലെന്നും ഇന്നലെ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ആന്‍റണിയും പ്രതികരിച്ചു. പിന്നാലെ തന്‍റെ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് ജൂഡും എത്തിയിരുന്നു. ഇപ്പോഴിതാ ആന്‍റണി വര്‍ഗീസിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്തണി.
ജൂഡ് അഭിമുഖത്തില്‍ പറഞ്ഞ നടക്കാതെ പോയ ആ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളുടെ വിശദീകരണ വീഡിയോയും ആന്‍റണിയുമായുള്ള നിര്‍മ്മാതാക്കളുടെ കരാറിന്‍റെ ചിത്രവുമടക്കം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെപ്പെ പുണ്യാളന്‍ എന്ന ഹാഷ് ടാഗോടെയാണ് ജൂഡിന്‍റെ പോസ്റ്റ്. സത്യം അറിയാന്‍ താല്‍പര്യം ഉള്ളവര്‍ക്കുവേണ്ടി മാത്രം. വോയ്സ് നോട്ട്സ് ആന്‍ഡ് ചാറ്റ് സ്ക്രീന്‍ ഷോട്ട്സ് പുറകെ എന്നും ജൂഡ് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
അതേസമയം അഡ്വാന്‍സ് വാങ്ങിയ 10 ലക്ഷം തിരിച്ചുതന്നെങ്കിലും അതുകൊണ്ട് തീരുന്നതല്ല നടക്കാതെ പോയ ആ പ്രോജക്റ്റ് തങ്ങള്‍ക്കുണ്ടാക്കിയ നഷ്ടമെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ എം കുമാറും പറയുന്നത്. ഷൂട്ടിംഗ് ആരംഭിക്കുംമുന്‍പ് ചെയ്തു തീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു, ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. കുറച്ച് ട്രെയിന്‍ സീക്വന്‍സുകള്‍ ഉണ്ടായിരുന്നു. കര്‍ണാടകയിലെ ചാമരാജ് നഗറിലെ റെയില്‍വേ സ്റ്റേഷനും ട്രെയിനും വാടകയ്ക്ക് എടുക്കണമായിരുന്നു. അത് സംബന്ധിച്ച നടപടികളെല്ലാം പൂര്‍ത്തിയാക്കി. വാരണാസിയിലായിരുന്നു ക്ലൈമാക്സ്. അവിടെ താമസം, ഭക്ഷണം എല്ലാം ഏര്‍പ്പെടുത്തി. എല്ലാ സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമുള്ള അഡ്വാന്‍സും നല്‍കി. അങ്കമാലിയും ലൊക്കേഷന്‍ ആയിരുന്നു. മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി. അദ്ദേഹം ഈ പ്രോജക്റ്റ് ഉപേക്ഷിച്ചെന്ന് പൂര്‍ണ്ണബോധ്യം ആയതിനു ശേഷമാണ് അഡ്വാന്‍സ് വാങ്ങിയ 10 ലക്ഷവും ഞങ്ങള്‍ക്ക് ആകെ ചെലവാതിന്‍റെ 5 ശതമാനവും തിരിച്ച് വേണമെന്ന് പറഞ്ഞത്. കണ്‍ട്രോളര്‍ വഴി അദ്ദേഹം തിരിച്ച് ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ചെലവായതിന്‍റെ 5 ശതമാനം തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. 2020 ജനുവരി 27 വാങ്ങിയ 10 ലക്ഷം തിരിച്ചുതന്നു, 6 മാസത്തിന് ശേഷം, ഇരുവരും പറയുന്നു.