ജോജു ജോര്‍ജിന്റെ 'ഇരട്ട' എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടു.
ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമാണ് 'ഇരട്ട'. ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച രോഹിത് എം ജി കൃഷ്‍ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഇരട്ട'യുടെ റിലീസ് പ്രഖ്യാപിച്ചു.
ഫെബ്രുവരി രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്. ദേശീയ, സംസ്ഥാന അവാർഡുകൾ ഇതിനകം സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് 'ഇരട്ട'യിലെ രണ്ടു കഥാപാത്രങ്ങളെന്ന് ചിത്രത്തിന്റ പ്രവര്‍ത്തകര്‍ പറയുന്നു. സ്വഭാവത്തില്‍ വ്യത്യസ്‍തകളുള്ള ഇരട്ടകളാണ് ജോജുവിന്‍റെ കഥാപാത്രങ്ങള്‍. 'ഇരട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചര്‍ച്ചയായിരുന്നു.
ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. മാർട്ടിൻ പ്രക്കാട്ട് -ജോജു ജോർജ് ഒരുമിച്ച 'നായാട്ടി'നു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഫിലിം ക്രിട്ടിക്സ് അവാർഡിലും മികച്ച സംവിധായകനുള്ള അവാർഡ് മാർട്ടിൻ പ്രക്കാട്ടിനായിരുന്നു. ജോജുവിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹകന്‍. സമീർ താഹിര്‍, ഷൈജു ഖാലിദ്, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ക്കൊപ്പം ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ചയാളാണ് വിജയ്. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ വരികള്‍ അൻവർ അലി, എഡിറ്റിംഗ് മനു ആന്റണി, മേക്കപ്പ് റോണക്സ് സേവ്യര്‍, ആക്ഷന്‍ കൊറിയോഗ്രഫി കെ രാജശേഖർ, പിആർഒ പ്രതീഷ് ശേഖർ, മീഡിയ പ്ലാൻ ഒബ്‍സ്‍ക്യുറ എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.