'ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നു'; തനിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണമെന്ന് ജോജു

By Web Team  |  First Published Feb 13, 2023, 4:56 PM IST

"നിങ്ങള്‍ സഹായിക്കണം എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. ഉപദ്രവിക്കാതിരുന്നാല്‍ വളരെ സന്തോഷം."


രാഷ്ട്രീയമായ ഒരു അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് തനിക്കെതിരെ സൈബര്‍ അതിക്രമം കടുത്തതോടെ ഓണ്‍ലൈനിലെ സാന്നിധ്യത്തിന് ഇടവേള നല്‍കിയിരുന്നു നടന്‍ ജോജു ജോര്‍ജ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നൊക്കെ വിട്ടുനിന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷാവസാനത്തോടെ അവിടേയ്ക്ക് തിരിച്ചത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും തനിക്കെതിരെ സൈബര്‍ അതിക്രമം നടക്കുകയാണെന്ന് പറയുകയാണ് ജോജു ജോര്‍ജ്. വായിക്കാന്‍ സന്തോഷമുള്ള കാര്യങ്ങളല്ല തന്‍റെ ഇന്‍ബോക്സിലേക്ക് വരുന്നതെന്നും ഒരുപാട് കാര്യങ്ങളിലേക്ക് താന്‍ വലിച്ചിഴയ്ക്കപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. ഓണ്‍ലൈനില്‍ നിന്ന് വീണ്ടും ഒരു ഇടവേളയെടുത്ത് ജോലിയില്‍ ശ്രദ്ധിക്കാനാണ് തീരുമാനമെന്നും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ജോജു കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമത്തെക്കുറിച്ച് ജോജു ജോര്‍ജ്

Latest Videos

എല്ലാവര്‍ക്കും നമസ്കാരം. ഇരട്ട എന്ന സിനിമയോട് എല്ലാവരും കാണിച്ച അഭിപ്രായങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കുമെല്ലാം ഒരുപാട് നന്ദി. സിനിമ വളരെ നന്നായിട്ട് മുന്നോട്ട് പോകുന്നു. ഇപ്പോള്‍ ഞാന്‍ വന്നത് എല്ലാവരോടും ഒരു പ്രാവശ്യം കൂടി നന്ദി പറയാനും മറ്റൊരു കാര്യത്തിനുമാണ്. ഞാന്‍ കുറച്ചുനാള്‍ ഓണ്‍ലൈനില്‍ നിന്നും എല്ലാ മീഡിയയില്‍ നിന്നും വിട്ടുനിന്നതാണ്. കാരണം എനിക്കെതിരെ ഉണ്ടായിട്ടുള്ള ഒരുപാട് ആക്രമണങ്ങള്‍ കാരണമായിരുന്നു. വാക്കുകള്‍ കൊണ്ടുള്ള ആക്രമണവും പ്രൊഫഷണലി ഉള്ള എതിര്‍പ്പ് ഉണ്ടാക്കലും. പല പല അവസ്ഥകള്‍ മൂലമാണ് എല്ലാത്തില്‍ നിന്നും ഞാന്‍ മാറിനിന്നത്. ഈ പടത്തോടുകൂടി ആക്റ്റീവ് ആയി വീണ്ടും വരണമെന്ന ആ​ഗ്രഹത്തോടെ വന്നതാണ്. വീണ്ടും എന്റെ ഇന്‍ബോക്സില്‍ അനോണിമസ് ആയ ഒരുപാട് മെസേജുകളും ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കലുമൊക്കെയാണ്. അപ്പോള്‍ വീണ്ടും ഞാന്‍ എന്‍റെ ജോലിയില്‍ ശ്രദ്ധിക്കാനും മറ്റുമായി ഒരു ബ്രേക്ക് എടുക്കുകയാണ്. വീണ്ടും എപ്പോഴെങ്കിലും തിരിച്ചുവരാം. എന്‍റെ സുഹൃത്തുക്കളോട് പറയുന്നതാണ്. എന്നെ എന്‍റെ വഴിക്ക് ഒന്ന് വിട്ടുതന്നാല്‍ വലിയ ഉപകാരം. ഞാന്‍ അഭിനയിച്ച് സൈഡില്‍ക്കൂടി പൊക്കോളാം. എന്‍റെ മേല്‍ ഒരുപാട് മെസേജുകളും ഒരുപാട് ടാ​ഗിം​ഗുകളും വരുന്നുണ്ട്. വായിക്കുമ്പോള്‍ എത്ര സന്തോഷമുള്ള കാര്യമല്ല. ഓള്‍റെഡി സ്ട്ര​ഗിള്‍ ആണ് വീണ്ടും, ഒരു കരിയര്‍ ഉണ്ടാക്കാനായിട്ടുള്ള സ്ട്ര​ഗിളിലാണ്. നിങ്ങള്‍ സഹായിക്കണം എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. ഉപദ്രവിക്കാതിരുന്നാല്‍ വളരെ സന്തോഷം. ഉപദ്രവിച്ചാലാണ് സന്തോഷമെങ്കില്‍ ഉപദ്രവിക്കുക. അല്ലാതെ വേറെ വഴിയില്ലല്ലോ. സപ്പോര്‍ട്ട് ചെയ്യുന്നവരോട് നന്ദി. 

ALSO READ : 'ലാല്‍കൃഷ്‍ണ'യുടെ രണ്ടാം വരവ് ഉറപ്പിച്ചു; വീണ്ടും ഷാജി കൈലാസ്, സുരേഷ് ഗോപി

click me!