ഈ 'പുള്ളി' ത്രില്ലിംഗ്, റിവ്യു

By Web TeamFirst Published Dec 8, 2023, 5:10 PM IST
Highlights

ദേവ് മോഹനാണ് നായകൻ.

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിലാണ് ജിജു അശോകൻ പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ ഇടംനേടിയത്. വേറിട്ട ആഖ്യാനമായിരുന്നു ഉറമ്പുകള്‍ ഉറങ്ങാറില്ലെന്ന സിനിമയുടെ പ്രത്യേകത. പുള്ളി എന്ന പുതിയ ഒരു ചിത്രവുമായി ജിജു അശോകൻ എത്തുമ്പോള്‍ പ്രതീക്ഷകരുടെ പ്രതീക്ഷയും ഉറുമ്പുകള്‍ ഉറങ്ങാറില്ലായുടെ ഓര്‍മകളായിരുന്നു. ആ പ്രതീക്ഷകള്‍ നിറവേറ്റിയിരിക്കുകയാണ് പുള്ളി.

തടവുശിക്ഷയ്‍ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്നവരുടെ കഥ എന്ന നിലയിലാണ് ജിജു അശോകന്റെ പുള്ളി എന്ന സിനിമയ്‍ക്ക് ആ പേര് നല്‍കിയത്. ചില തടവു പുള്ളിമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ജയിലില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നതിനു പുറമേ കുറ്റവാളികളുടെ ജീവിതത്തില്‍ ആ കാലം എങ്ങനെ ബാധിക്കുന്നു എന്നും പുള്ളി പരാമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ അര്‍ഥവും ചര്‍ച്ചയാകുന്നുണ്ടെങ്കിലും പ്രധാന കഥ നിഗൂഢത നിറഞ്ഞ ഒന്നാണ്.

Latest Videos

കഥയിലെ നായകൻ സ്റ്റീഫനാണ്. സൗമ്യമായ പെരുമാറ്റമായതിനാല്‍ എല്ലാവരുടെയും പ്രിയങ്കരനായ കഥാപാത്രമായ സ്റ്റീഫൻ ശിക്ഷ കഴിഞ്ഞ് ഇറങ്ങി കുറച്ച് നാളുകള്‍ക്ക് ശേഷം ജയിലില്‍ തിരിച്ചെത്തുന്നു. തിരിച്ചെത്തുമ്പോള്‍ ഒരു ജയിലര്‍ ഓഫീസര്‍ ശത്രുതയോടെ സ്റ്റീഫനെ കാത്തിരിപ്പുണ്ട്. കഥയുടെ അടരുകളില്‍ ഒന്നാണ് ആ കഥാപാത്രമെങ്കിലും പിന്നീടുള്ള സംഭവവികാസങ്ങളിലേക്ക് സ്റ്റീഫനെ എത്തിക്കുന്നതും സൗമ്യഭാവം അഴിയുന്നതും ജയില്‍ ഓഫീസറായ സൈമണിന്റെ നീക്കങ്ങളെ തുടര്‍ന്നാണ്. അങ്ങനെയുള്ള സംഭവങ്ങള്‍ നടക്കവേ ഒരു ദിവസം മാത്രമേ മോചിതനാകാൻ കാത്തിരിക്കേണ്ടതുള്ളൂ എങ്കിലും സ്റ്റീഫൻ ജയില്‍ ചാടുന്നു.

സ്റ്റീഫന്റെ ആ നീക്കത്തിന് കാരണം എന്തായിരിക്കും എന്നാണ് പുള്ളിയെ പിന്നീട് ഉദ്വേഗജനകവും ചടുലവുമാക്കുന്നത്. സ്റ്റീഫന്റെ ഭൂതകാലത്തേയ്‍ക്കുള്ള നോട്ടമാണ് പുള്ളിയുടെ കഥയില്‍ നിര്‍ണായകമാകുന്നു. സ്റ്റീഫന്റെ ഓര്‍മകളില്‍ മുൻ രംഗങ്ങളില്‍ തന്നെ ആ ഭൂതകാലത്തിന്റെ സൂചനകള്‍ പ്രേക്ഷകന്റെ മുന്നിലേക്ക് നീക്കിവയ്‍ക്കപ്പെടുന്നുണ്ട്. എന്താണ് പക്ഷേ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന ചോദ്യം പുള്ളിയെ ആകാംക്ഷഭരിതമാക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്നു.

പുള്ളിയുടെ പ്രധാന പ്ലോട്ടിലേക്ക് എത്തിയതിനു ശേഷമുള്ള ആഖ്യാനത്തിലെ ചടുലതയാണ് ആകര്‍ഷണം. ത്രില്ലിംഗ് അനുഭവമായി പുള്ളിയെ മാറ്റാൻ തിരക്കഥാകൃത്തുമായ ജിജു അശോകന് സാധിച്ചിട്ടുണ്ട്. കഥാ പശ്ചാത്തലം വിശ്വസനീയമാക്കാൻ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് പ്രധാനം. കഥയില്‍ പ്രധാന സംഭവങ്ങളിലേക്ക് എത്തുന്നതോടെ സംവിധായകൻ ജിജു അശോകൻ പക്വതയോടെ കാട്ടുന്ന കയ്യൊതുക്കം പുള്ളിയുടെ സിനിമ കാഴ്‍ചയെ മികച്ചതാക്കുന്നു.

സൂഫിയും സുജാതയും എന്ന വേറിട്ട ചിത്രത്തിലൂടെ അരങ്ങേറിയ ദേവ് മോഹനാണ് പുള്ളിയിലെ നായകൻ. സൗമ്യഭാവത്തിലും പ്രണയ നായകനായും പ്രതികാര രംഗങ്ങളിലും എല്ലാം പക്വതയാര്‍ന്ന പ്രകടനവുമായി ദേവ് മോഹൻ പുള്ളിയുടെ നട്ടെല്ലാകുന്നു. നെഗറ്റീവ് ഷെയ്‍ഡുള്ള പൊലീസ് കഥാപാത്രമായി ചിത്രത്തില്‍ വേറിട്ട ഭാവത്തില്‍ കലാഭവൻ ഷാജോണ്‍ എത്തിയപ്പോള്‍ പ്രായത്തിന്റെയും അറിവിന്റെയും പക്വത പ്രകടിപ്പിക്കുന്ന ഭാസ്‍കരേട്ടനായി ഇന്ദ്രൻസും നിര്‍ണായകമാകുന്നു. സെന്തില്‍ കൃഷ്‍ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ക്കൊപ്പം രാജേഷ് ശര്‍മ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത്ത്, മീനാക്ഷി, ടീന ഭാട്ടിയ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു.

ബിനു കുര്യന്റെ ഛായാഗ്രാഹണവും പ്രമേയത്തിനൊത്തുള്ളതാണ്. ചടുലമായ ചലനങ്ങള്‍ക്കപ്പുറമായി ബിനു കുര്യൻ സിനിമ ആവശ്യപ്പെടുന്ന ക്യാമറാ കാഴ്‍ചകളാണ് പുള്ളിക്കായി പകര്‍ത്തിയിരിക്കുന്നത്. പുള്ളിയുടെ താളം ബിജിബാലിന്റെ സംഗീതമാണ്. പുള്ളിയിലെ പാട്ടുകളും ബിജി ബാലിന്റെ സംഗീതത്തില്‍ പ്രേക്ഷകരുമായി ഇഷ്‍ടത്തിലാകുന്നു.

Read More: ദുല്‍ഖറിനൊപ്പമെത്തി മമ്മൂട്ടിയെയും പിന്നിലാക്കിയ യുവ താരങ്ങള്‍, തമിഴിലും ഒരു സര്‍പ്രൈസ് ഹിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!