മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബേസിലിനെ നായകനാക്കാന്‍ ജീത്തു; ബോളിവുഡ് ചിത്രത്തിന് മുന്‍പ് ഷൂട്ടിംഗ്

By Web Team  |  First Published Sep 5, 2023, 1:04 PM IST

 ബോഡി എന്ന ചിത്രത്തിന് ശേഷം ബോളിവുഡില്‍ ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ വരുന്ന രണ്ടാമത്തെ ചിത്രം ഇന്നലെ പ്രഖ്യാപിക്കപ്പെട്ടിരുന്നു


മൂന്ന് ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും മലയാള സിനിമയില്‍ ബേസില്‍ ജോസഫ് ഉണ്ടാക്കിയിട്ടുള്ള സ്ഥാനം വലുതാണ്. കുഞ്ഞിരാമായണവും ഗോദയുമൊക്കെ ജനപ്രീതി നേടിയവയാണെങ്കിലും ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നല്‍ മുരളിയിലൂടെ മലയാളികളല്ലാത്ത പ്രേക്ഷകര്‍ പോലും ഈ സംവിധായകനെക്കുറിച്ച് അറിഞ്ഞു. അതേസമയം നടനെന്ന നിലയിലും തിളങ്ങിയിട്ടുള്ള ബേസില്‍ നിരവധി ചിത്രങ്ങളില്‍ നായകനായും അല്ലാതെയും അഭിനയിച്ച് കഴിഞ്ഞു. അതില്‍ പലതും വലിയ വാണിജ്യവിജയങ്ങളുമായി. ഇപ്പോഴിതാ ബേസില്‍ അഭിനയിക്കുന്ന പുതിയ പ്രോജക്റ്റ് കൌതുകകരമായ ഒന്നാണ്. ജീത്തു ജോസഫ് ആണ് അതിന്‍റെ സംവിധാനം.

ത്രില്ലര്‍ ചിത്രങ്ങളെക്കുറിച്ചുള്ള മലയാളികളുടെ കാഴ്ചപ്പാട് തന്നെ മാറ്റിയ ജീത്തു ജോസഫ് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. നേര് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം നവംബറിലാവും ബേസില്‍ ജോസഫ് നായകനാവുന്ന സിനിമയുടെ ചിത്രീകരണം. ബോഡി എന്ന ചിത്രത്തിന് ശേഷം ബോളിവുഡില്‍ ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ വരുന്ന രണ്ടാമത്തെ ചിത്രം ഇന്നലെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളായ ജംഗ്ലീ പിക്ചേഴ്സും കോളിവുഡിലെ പ്രശസ്തരായ ക്ലൗഡ് 9 പിക്ചേഴ്സും സംയുക്തമായി നിർമ്മിക്കുന്ന സിനിമയിലേക്ക് കടക്കുന്നതിന് മുന്‍പ് ജീത്തു ബേസില്‍ ജോസഫ് നായകനാവുന്ന ചിത്രം പൂര്‍ത്തിയാക്കും. ഇതിനിടയിൽ കുറച്ചു ഭാഗം മാത്രം പൂർത്തിയാക്കാനുള്ള, മോഹൻലാൽ നായകനായ റാമിൻ്റെ ചിത്രീകരണവും ജീത്തുവിന് പൂര്‍ത്തിയാക്കാനുണ്ട്.

Latest Videos

അതേസമയം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേര് എന്ന ചിത്രത്തില്‍ പ്രിയ മണിയാണ് നായിക. അനശ്വര രാജന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷക വേഷത്തിലെത്തി ശ്രദ്ധിക്കപ്പെട്ട ആളാണ് ശാന്തി. 

ALSO READ : 'ഞാന്‍ ക്രോണിക് ബാച്ചിലര്‍, പക്ഷേ എനിക്കൊരു മകളുണ്ട്'; ട്രെയ്‍ലര്‍ ലോഞ്ച് വേദിയില്‍ വികാരഭരിതനായി വിശാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!