'ഫോട്ടോയെടുത്തില്ല', വെറുക്കുന്നുവെന്ന് ആരാധകൻ, മറുപടി പറഞ്ഞ് നടൻ ജയം രവി

By Web Team  |  First Published Feb 17, 2024, 3:34 PM IST

പരാതിപ്പെട്ട ആരാധകനോട് ജയം രവി പറഞ്ഞ മറുപടി ചര്‍ച്ചയാകുന്നു.


ജയം രവി തമിഴകത്തിന്റെ മുൻനിര താരങ്ങളില്‍ ഒരാളാണ്. പൊന്നിയിൻ സെല്‍വൻ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ നായകനായ ജയം രവിക്ക് തമിഴകത്തും പുറത്തും നിരവധി ആരാധകരാണ് ഉള്ളത്. ജയം രവിയുടേതായി സൈറണ്‍ എന്ന ചിത്രം റിലീസ് ചെയ്‍തിരിക്കുകയാണ്. അടുത്തിടെ ഒരു ആരാധകൻ പരാതി പറഞ്ഞതിന് നടൻ ജയം രവി നല്‍കിയ മറുപടിയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

ഫാൻസ് ക്ലബ് അംഗമാണ് പരാതി പറഞ്ഞത് എന്നാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടില്‍ നിന്ന് മനസിലാകുന്നത്. തീര്‍ത്തും നിങ്ങളെ വെറുക്കുന്നു ബ്രോയെന്നാണ് താരത്തിന്റെ ആരാധകൻ എഴുതിയിരിക്കുന്നത്. ഫാൻ ക്ലബിലെ ക്ലോസായ അംഗങ്ങളെയാണ് താരം കാണാൻ ആഗ്രഹിച്ചതെങ്കില്‍ എല്ലാവരെയും വിളിച്ചത് എന്തിന് എന്ന് ആരാധകൻ ചോദിക്കുന്നു. തനിക്ക് ഇന്ന് ഒരു മോശം ദിവസം ആണ് എന്നും വ്യക്തമാക്കുന്ന ആരാധകൻ ഇനി ഇതുപോലുള്ള  പെരുമാറ്റവുമായി ജയം രവിയെ കാണാൻ ആഗ്രഹിക്കുന്നില്ല എന്നും പറയുന്നു.

Latest Videos

വൈകാതെ ആരാധകനോട് ക്ഷമ ചോദിച്ച് താരം എത്തി. താൻ എല്ലാവരുമായി ഏകദേശം മൂന്നൂറോളം ഫോട്ടോകള്‍ എടുത്തിരുന്നു. താങ്കള്‍ക്കപ്പമുള്ളത് എങ്ങനെ മിസായെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞ ജയം രവി ആരാധകനോട് ചെന്നൈയിലേക്ക് വരാൻ അഭ്യര്‍ഥിക്കുകയും സെല്‍ഫി എടുക്കാമെന്ന് പറയുകയും ചെയ്‍തു. ദയവായി വെറുക്കരുത്, സ്‍നേഹം പകരാമെന്നും പറയുന്ന ജയം രവിയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ആന്റണി ഭാഗ്യരാജാണ് സൈറണ്‍ സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. തിരക്കഥയും ആന്റണി ഭാഗ്യരാജിന്റേതാണ്. ശെല്‍വകുമാര്‍ എസ് കെയുടേതാണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുമ്പോള്‍ പ്രധാന വേഷത്തില്‍ മലയാളി നടി കീര്‍ത്തി സുരേഷും എത്തിയിരിക്കുന്നു.

Read More: ഒന്നാമത് മോഹൻലാലോ മമ്മൂട്ടിയോ?, പരാജയപ്പെട്ട ചിത്രം മുന്നില്‍, സര്‍പ്രൈസായി കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!