ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക
രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ജയിലര്‍. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രമായ ഈ പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടത് 2022 ഫെബ്രുവരിയില്‍ ആയിരുന്നു. ജയിലര്‍ എന്ന ടൈറ്റില്‍ പ്രഖ്യാപിക്കപ്പെട്ടത് ജൂണിലും. ചിത്രത്തിന്‍റെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രഫി ഏപ്രില്‍ മാസത്തില്‍ അവസാനിച്ചിരുന്നു. അവശേഷിച്ച ചിത്രീകരണവും നെല്‍സണും സംഘവും ഇപ്പോഴിതാ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായതിന്‍റെ സന്തോഷം പങ്കുവച്ച് സംഘത്തിനൊപ്പം രജനികാന്ത് കേക്ക് മുറിക്കുന്നതിന്‍റെ ചിത്രങ്ങള്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മോഹന്‍ലാല്‍ അതിഥിവേഷത്തിലാണ് എത്തുക. ജയിലര്‍ രാജസ്ഥാനില്‍ ചിത്രീകരിച്ച സമയത്ത് രജനിയും മോഹന്‍ലാലും പരസ്പരം കണ്ടിരുന്നു. അന്ന് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ഉണ്ടായിരുന്നു മോഹന്‍ലാല്‍. ആതിരപ്പള്ളിയില്‍ ഒരു ദിവസത്തെ ചിത്രീകരണവുമുണ്ടായിരുന്നു ജയിലറിന്. ഈ ചിത്രീകരണത്തില്‍ രജനിയും പങ്കെടുത്തിരുന്നു.
It's a wrap for ! Theatre la sandhippom 😍💥 pic.twitter.com/Vhejuww4fg
— Sun Pictures (@sunpictures)
അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ALSO READ : നിര്‍മ്മാണം റാണ ദഗുബാട്ടി, നായകന്‍ ദുല്‍ഖര്‍; തമിഴ്- തെലുങ്ക് ചിത്രം വരുന്നു
WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം