തിയറ്റര്‍ കളക്ഷനില്‍ വലിയ മുന്നേറ്റം നടത്തിയ ചിത്രം ഒടിടി ഡീലിലൂടെ നേടിയതും വന്‍ തുകയാണ്
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ വലിയ വിജയങ്ങളിലൊന്നാണ് രജനികാന്ത് നായകനായ തമിഴ് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം ബഹുഭൂരിഭാഗം സിനിമാപ്രേമികളാലും പോസിറ്റീവ് അഭിപ്രായമാണ് നേടിയത്. സ്വാഭാവികമായും മികച്ച ഇനിഷ്യല്‍ നേടിയ ചിത്രത്തിന്‍റെ രണ്ടാഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 525 കോടി ആയിരുന്നു. തിയറ്ററുകളില്‍ മികച്ച പ്രകടനം നടത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപനം ഇന്നലെ ആയിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 7 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
തിയറ്റര്‍ കളക്ഷനില്‍ വലിയ മുന്നേറ്റം നടത്തിയ ചിത്രം ഒടിടി ഡീലിലൂടെ നേടിയതും വന്‍ തുകയാണ്. ആമസോണ്‍ പ്രൈം ജയിലറിനുവേണ്ടി മുടക്കിയ തുക 100 കോടി ആണെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് സിനിമകളിലെ വലിയ ഒടിടി പര്‍ച്ചേസുകളില്‍ ഒന്നാണിത്.
കേരളത്തിലും വലിയ സാമ്പത്തിക വിജയമാണ് ജയിലര്‍ നേടിയത്. ഇന്‍ഡിപെന്‍ഡന്‍സ് ഡേ വീക്കെന്‍ഡിന് മുന്നോടിയായി ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രം 20 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് 50 കോടിയിലേറെയാണ് കളക്ഷന്‍ നേടിയത്. ഒരു തമിഴ് സിനിമ കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായകവേഷവും മലയാളികള്‍ക്ക് ചിത്രത്തോട് അടുപ്പക്കൂടുതല്‍ ഉണ്ടാക്കിയ ഘടകങ്ങളാണ്. ഇരുവരുടെയും പ്രകടനങ്ങള്‍ ഭാഷാതീതമായി കൈയടി നേടിയിരുന്നു. വര്‍മ്മന്‍ എന്നാണ് വിനായകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. മാത്യു എന്നാണ് മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക നേതാവാണ് ചിത്രത്തില്‍ മാത്യു. രജനിയുടെ മുത്തുവേല്‍ പാണ്ഡ്യന്‍റെ സുഹൃത്തുമാണ് ഈ കഥാപാത്രം.
ALSO READ : ഏറ്റവും വേഗത്തില്‍ 50 കോടിയില്‍ ആരൊക്കെ? ആദ്യ അഞ്ച് സ്ഥാനത്തുള്ള മലയാള ചിത്രങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക