'അവര്‍ക്ക് 400 തിയറ്ററുകള്‍, ഞങ്ങള്‍ക്ക് 40 എണ്ണം മാത്രം'; പ്രതിഷേധവുമായി മലയാളം 'ജയിലറി'ന്‍റെ സംവിധായകന്‍

By Web Team  |  First Published Aug 2, 2023, 12:14 PM IST

"ഞങ്ങളുടെ സിനിമയുടെ ഡേറ്റ് മാറ്റാന്‍ പറ്റില്ല. ജയിലര്‍ എന്ന പേരില്‍ വലിയൊരു സിനിമ വന്ന് പോയിക്കഴിഞ്ഞാല്‍ നമ്മുടെ കൊച്ച് ജയിലറിന് പ്രസക്തി ഇല്ല"


ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട വിവാദം സിനിമാപ്രേമികളുടെ ശ്രദ്ധയില്‍ ഇടംപിടിച്ചതാണ്. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലര്‍ വരുന്നതിനാല്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തില്‍ പല സെന്‍ററുകളിലും തിയറ്റര്‍ നിഷേധിക്കപ്പെടുകയാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫീസിന് മുന്നില്‍ സക്കീര്‍ ഇന്നലെ ഒറ്റയാള്‍ സമരം നടത്തിയിരുന്നു. നിലവില്‍ 40 തിയറ്ററുകള്‍ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അതും നഷ്ടപ്പെടുമോ എന്ന ഭയമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറയുന്നു.

ആരോപണവുമായി സക്കീര്‍ മഠത്തില്‍

Latest Videos

"നമ്മള്‍ റിലീസ് ചെയ്യാന്‍ ചാര്‍ട്ട് ചെയ്തിരുന്ന തിയറ്ററുകളില്‍ പലതിലും തമിഴ് ജയിലര്‍ റിലീസ് ചെയ്യാന്‍ പോകുന്നു. അല്ലെങ്കില്‍ നമ്മുടെ പടത്തെ മാറ്റാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു സാഹചര്യം സംജാതമായിരിക്കുന്നു. തമിഴ് സിനിമകള്‍ക്ക് തിയറ്റര്‍ കൊടുക്കുകയും നമ്മുടെ സിനിമകള്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഇനി വരുന്ന നിര്‍മ്മാതാക്കള്‍ എന്താണ് ചെയ്യുക? അവര്‍ ഒടിടിക്ക് വേണ്ടിയോ അതോ തിയറ്ററിനു വേണ്ടിയോ സിനിമ ചെയ്യുക? തിയറ്ററില്‍ റിലീസ് ചെയ്യാമെന്ന് ചേംബറുമായി എഗ്രിമെന്‍റ് വച്ചിട്ടാണ് ഞാന്‍ എന്‍റെ പടവുമായി മുന്നോട്ട് വന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് തിയറ്ററുകള്‍ കിട്ടുന്നില്ല. പല സെന്‍ററുകളിലും എന്‍റെ സിനിമ പിന്‍വലിക്കുന്ന ഒരു സാഹചര്യമുണ്ട്. ഞങ്ങളുടെ സിനിമയുടെ ഡേറ്റ് മാറ്റാന്‍ പറ്റില്ല. ജയിലര്‍ എന്ന പേരില്‍ വലിയൊരു സിനിമ വന്ന് പോയിക്കഴിഞ്ഞാല്‍ നമ്മുടെ കൊച്ച് ജയിലറിന് പ്രസക്തി ഇല്ല. അവര്‍ 300- 400 തിയറ്ററില്‍ ഇറക്കുമ്പോള്‍ നമുക്ക് 100 ല്‍ താഴെ തിയറ്ററുകളേ ആവശ്യപ്പെടുന്നുള്ളൂ. ഒരു 75 തിയറ്ററുകള്‍ എങ്കിലും പ്രധാന സ്ഥലങ്ങളില്‍ കിട്ടിക്കഴിഞ്ഞാല്‍ നമ്മുടെ കാര്യങ്ങള്‍ നടക്കും. അത്യാവശ്യം ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ പറ്റും. നിലവില്‍ 40 ന് മുകളില്‍ തിയറ്ററുകള്‍ സെറ്റ് ആയിട്ടുണ്ട്. ബജറ്റ് കൂടിയ പടമായതുകൊണ്ട് നമുക്ക് മിനിമം ഒരു 75 തിയറ്റര്‍ എങ്കിലും വേണം. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കിട്ടിയ 40 തിയറ്റര്‍ കൂടി നഷ്ടപ്പെടുമോ എന്നുണ്ട്." 

ALSO READ : 'മണ്‍ഡേ ടെസ്റ്റി'ല്‍ കാലിടറിയോ? ബോളിവുഡ് കാത്തിരുന്ന ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!