ദ കേരള സ്റ്റോറി നിരോധിക്കണമെന്നല്ല പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ സിനിമയെ സമൂഹം തള്ളിക്കളയണം
തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമ എടുത്തിരിക്കുന്നത് വിവര ദോഷികളെന്ന് സിപിഎം പിബി അംഗം എം എ ബേബി. സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സിനിമയാണ് ദ കേരള സ്റ്റോറി. ഹീനമായ പ്രവർത്തനമാണ് സിനിമ നടത്തുന്നത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിനിമ എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദ കേരള സ്റ്റോറി നിരോധിക്കണമെന്നല്ല പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ സിനിമയെ സമൂഹം തള്ളിക്കളയണം. അയ്യപ്പ സ്വാമിയെ കാണുന്നതിനു മുമ്പ് വാവര് സ്വാമിയെ കാണണമെന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. അതിനാൽ സിനിമയെ ബഹിഷ്കരിക്കുകയാണ് വേണ്ടത്. സിനിമയ്ക്ക് എതിരായ പ്രതിഷേധങ്ങൾ ജനാധിപത്യ മാർഗത്തിലൂടെ മാത്രമേ നടത്താവൂ എന്ന് പറഞ്ഞ ബേബി, ആർ എസ് എസിന്റെ അപര രൂപമാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്നും കുറ്റപ്പെടുത്തി.
അതിനിടെ തലശ്ശേരി ഡൗൺ ടൗൺ മാളിലെ കർണിവൽ തിയേറ്ററിൽ കേരള സ്റ്റോറി സിനിമ പ്രദർശനം നടത്താൻ തിയറ്റർ ഉടമകൾ വിസമ്മതിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.ടിക്കറ്റ് എടുത്ത് വന്നവർ ബഹളം വെച്ചതിനെ തുടർന്ന് പോലീസ് എത്തി. പിന്നീട് പൊലീസ് ഇടപെട്ട് സിനിമ പ്രദർശനം ആരംഭിച്ചു.