'ജോര്‍ജുകുട്ടി' ഒരു വരവ് കൂടി വരുമോ? പ്രഖ്യാപനം കാത്ത് ആരാധകര്‍

By Web Team  |  First Published Aug 13, 2022, 9:21 PM IST

മോഹന്‍ലാല്‍ നായകനാവുന്ന ഒരു വന്‍ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്ന് ആയ ഓഗസ്റ്റ് 17ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്


മോഹന്‍ലാലിന്‍റെ സമീപകാല കരിയറില്‍ ദൃശ്യം ഫ്രാഞ്ചൈസിക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സവിശേഷ സ്ഥാനം മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനാവില്ല. ദൃശ്യം 2 എത്തിയ സമയത്ത് സംവിധായകന്‍ ജീത്തു ജോസഫ് എല്ലാ അഭിമുഖങ്ങളിലും നേരിട്ട ഒരു ചോദ്യം ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമോ എന്നതായിരുന്നു. അത്തരമൊരു സാധ്യത തള്ളിക്കളയാതെയായിരുന്നു ജീത്തുവിന്‍റെ മറുപടികളും. ഇപ്പോഴിതാ അത്തരത്തില്‍ ഒരു മൂന്നാം ഭാഗത്തിന്‍റെ പ്രഖ്യാപനം വൈകാതെ സംഭവിക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടക്കുകയാണ്. അതേസമയം അണിയറക്കാരില്‍ നിന്നും ഇതേക്കുറിച്ച് യാതൊരു പ്രതികരണങ്ങളും പുറത്തെത്തിയിട്ടുമില്ല. അതേസമയം ഇത്തരത്തിലൊരു പ്രഖ്യാപനത്തിന് വലിയ കാത്തിരിപ്പാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്.

മോഹന്‍ലാല്‍ നായകനാവുന്ന ഒരു വന്‍ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്ന് ആയ ഓഗസ്റ്റ് 17ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് ദൃശ്യം 3 അല്ലെങ്കില്‍ എമ്പുരാനെക്കുറിച്ച് ആയിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. തന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇനി പങ്കെടുക്കുക ജീത്തു ജോസഫിന്‍റെ തന്നെ കൊവിഡ് കാലത്ത് മുടങ്ങിപ്പോയ റാമിന്‍റെ വിദേശ ഷെഡ്യൂളില്‍ ആണ്. അതേസമയം എമ്പുരാന്‍റെ തിരക്കഥ പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷാദ്യം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കും.

Whattt 😳🔥 Can't Wait pic.twitter.com/gLTyZwity1

— Ayyappan (@Ayyappan_1504)

Latest Videos

അതേസമയം ദൃശ്യം 3ന്‍റെ ക്ലൈമാക്സ് തന്‍റെ പക്കല്‍ ഉണ്ടെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നതാണ്. ദൃശ്യം 2 റിലീസിനു ശേഷം നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ദൃശ്യം 3 സാധ്യതകളെക്കുറിച്ച് ജീത്തു ജോസഫ് പറഞ്ഞത് ഇപ്രകാരമായിരുന്നു...

"ദൃശ്യം ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാന്‍ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതിയത്. കഥ തീര്‍ന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ല്‍ പലരും കഥയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആന്‍റണി പറഞ്ഞതനുസരിച്ച് ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. പക്ഷേ കിട്ടി. മൂന്നാംഭാഗത്തിന്‍റെ കാര്യം ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കില്‍ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാന്‍ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. സത്യത്തില്‍ ദൃശ്യം 3ന്‍റെ ക്ലൈമാക്സ് എന്‍റെ കൈയിലുണ്ട്. പക്ഷേ ക്ലൈമാക്സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. ഞാനത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ക്ലൈമാക്സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് സംഭവങ്ങള്‍ വരണം. അതുകൊണ്ട് നടക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കില്‍ വിട്ടുകളയും. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കും. കാരണം തിരക്കഥ ഡെവലപ് ചെയ്ത് കിട്ടണമെങ്കില്‍ അത്രയും സമയമെങ്കിലും എടുക്കുമെന്നാണ് എന്‍റെ തോന്നല്‍. ആറ് വര്‍ഷം എടുക്കുമെന്നാണ് ഞാന്‍ ആന്‍റണിയോട് പറഞ്ഞത്. ആന്‍റണി പറഞ്ഞത് ആറ് വര്‍ഷം വലിയ ദൈര്‍ഘ്യമാണെന്നും രണ്ടുമൂന്ന് കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്നുമാണ്. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്."

ALSO READ : 'പത്തൊമ്പതാം നൂറ്റാണ്ടി'ല്‍ മമ്മൂട്ടിയും മോഹന്‍ലാലും? സര്‍പ്രൈസ് പങ്കുവച്ച് വിനയന്‍

click me!