വനിതാ ചലച്ചിത്ര മേളാ വിവാദം: മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ പ്രദർശിപ്പിക്കില്ലെന്ന് അക്കാദമി

By Web Team  |  First Published Jul 17, 2022, 11:08 AM IST

റിലീസ്  ചെയ്ത  സിനിമകൾ ഫെസ്റ്റിവെല്ലിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് അക്കാദമി സെക്രട്ടറി സി.അജോയ്, 'ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു'


കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ സംവിധായിക കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. റിലീസ്  ചെയ്ത  സിനിമകൾ ഫെസ്റ്റിവെല്ലിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് അക്കാദമി സെക്രട്ടറി സി.അജോയ് പറഞ്ഞു. പുതിയ സിനിമകളാണ് മലയാളം വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.  അതിന്റെ ഭാഗമായാണ് 'അസംഘടിതർ' എന്ന കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. വിധു വിൻസെന്റിന്റെ പ്രതിഷേധത്തെയും മാനിക്കുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും സി.അജോയി പറഞ്ഞു.  എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ ഈ മേളയിൽ പ്രദർശിപ്പിക്കില്ലെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി വ്യക്തമാക്കി. 

'ചലച്ചിത്ര അക്കാദമിയിൽ ഏകാധ്യപത്യം'; മുഖ്യമന്ത്രിക്ക് അക്കാദമി അംഗത്തിന്റെ കത്ത്

Latest Videos

ഇതിനിടെ, വനിതാ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചലച്ചിത്ര അക്കാദമിക്കെതിരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ മുഖ്യമന്ത്രിക്ക് കത്തയച്ചു. അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിനെതിരെ, ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ്, അക്കാദമി അംഗം കൂടിയായ എൻ.അരുൺ കത്തയച്ചത്. അംഗങ്ങളുടെ അഭിപ്രായം ചെയർമാൻ കേൾക്കുന്നില്ലെന്നും അക്കാദമി കൂടിയാലോചനകൾ നടത്തുന്നില്ലെന്നുമാണ് ആക്ഷേപം. വനിതാ ഫിലിം ഫെസ്റ്റിവൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ചർച്ച പോലും ഉണ്ടായിട്ടില്ലെന്നും അക്കാദമി അംഗം എൻ.അരുൺ ആരോപിച്ചു. 

അതേസമയം, വനിതാ ചലച്ചിത്ര മേളയില്‍ നിന്ന് കുഞ്ഞിലയുടെ സിനിമ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുകയാണ്. കുഞ്ഞിലയ്ക്ക് പിന്തുണ അറിയിച്ച് ചലച്ചിത്ര മേളയില്‍ നിന്ന് വിധു വിന്‍സെന്‍റ് സിനിമ പിന്‍വലിച്ചു. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്‍റെ 'വൈറല്‍ സെബി'. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ അക്കാദമി വാദം തള്ളുകയാണെന്നും വിധു വ്യക്തമാക്കി.

'ഈ ചെകുത്താന്‍റെ സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന്': ഹരീഷ് പേരടി

കുഞ്ഞിലയ്ക്ക് പിന്തുണയുമായി സംവിധായകൻ പ്രതാപ് ജോസഫും രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്ര മേളയുടെ നടത്തിപ്പ്  ജനാധിപത്യരീതിയിൽ അല്ലെന്നും പ്രതാപ് ജോസഫ് ആരോപിച്ചു. സംവിധായിക കുഞ്ഞിലയോട് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചും സിനിമ പിൻവലിക്കാനുള്ള വിധു വിൻസെന്റിന്റെ നിലപാടിൽ ഐക്യപ്പെട്ടും വനിതാ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കാർഡ് തിരിച്ചേല്പിക്കുകയാണ്. ഇനി ഈ ഫെസ്റ്റിവലിന്റെ ഭാഗമായിരുന്ന് സിനിമ കാണാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും പ്രതാപ് ജോസഫ് പറഞ്ഞു. 

2017 മാർച്ചിലാണ് ആദ്യത്തെ വനിതാ ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുന്നത്. അഞ്ചുവർഷം കഴിഞ്ഞിട്ടും ഇത് ജനാധിപത്യ രീതിയിൽ നടത്തണമെന്ന് മാറിമാറിവന്ന തമ്പുരാക്കന്മാർക്ക് തോന്നിയിട്ടില്ലെങ്കിൽ ഇതല്ലാതെ വേറെ വഴിയില്ല. മേളയുടെ ഡെലിഗേറ്റ് കാർഡ് തിരിച്ചേൽപ്പിക്കുന്നു. ഇനി മേളയിൽ സിനിമ കാണില്ലെന്നും സംവിധായകൻ പറഞ്ഞു.  


 

click me!