പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരെയും അമ്പരപ്പിക്കുന്നതായിരുന്നു 29 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നും 'ലാപത്താ ലേഡീസ്' തിരഞ്ഞെടുത്തത്.
ദില്ലി: ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഓസ്‌കാര്‍ പുരസ്കാരത്തിനായുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത് കിരൺ റാവു സംവിധാനം ചെയ്ത 'ലാപത്താ ലേഡീസ്' ആയിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരെയും അമ്പരപ്പിക്കുന്നതായിരുന്നു 29 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നും 'ലാപത്താ ലേഡീസ്' തിരഞ്ഞെടുത്തത്. മൂന്ന് പതിറ്റാണ്ടിനിടെ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന നിലയിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ ചിത്രം ഫെസ്റ്റിവലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അവാർഡായ ഗ്രാൻഡ് പ്രിക്സ് നേടുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെ ഗ്രാൻഡ് പ്രിക്‌സ് നേടിയ ജോനാഥൻ ഗ്ലേസറിസന്‍റെ ദി സോൺ ഓഫ് ഇന്‍ററസ്റ്റ് മികച്ച അന്താരാഷ്ട്ര ഫീച്ചറിനുള്ള 2023 ഓസ്‌കാർ നേടിയതിനാൽ. ജൂറിയുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
'ലാപത്താ ലേഡീസ്' നെ താരതമ്യപ്പെടുത്തുമ്പോള്‍ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഇന്ത്യന്‍ ചിത്രമായി തോന്നാത്തതിനാല്‍ അതിനെ ജൂറിതഴഞ്ഞുവെന്ന് ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെ എഫ്എഫ്ഐ പ്രസിഡന്‍റ് രവി കൊട്ടാരക്കര ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് ജൂറിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യക്തമാക്കി. "ഇന്ത്യയിൽ നടക്കുന്ന ഒരു യൂറോപ്യൻ സിനിമയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റിനെ ജൂറി കാണുന്നത്, ഇന്ത്യയിൽ നടക്കുന്നതാണെങ്കിലും അത് ഒരു ഇന്ത്യൻ സിനിമയല്ലെന്ന് ജൂറി പറഞ്ഞു " രവി കൊട്ടാരക്കര പറഞ്ഞു.
കൊട്ടാരക്കര ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് പറഞ്ഞത് അനുസരിച്ച്, 'ലാപത്താ ലേഡീസ്' “ഇന്ത്യൻ-നെസ്” ചിത്രമാണ് എന്നാണ് പറയുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ വധുവിനെ മാറുന്നതും ചില സാമൂഹ്യ യാഥാര്‍ത്ഥങ്ങളും പറയുന്നതാണ് 'ലാപത്താ ലേഡീസ്'. ആമിര്‍ ഖാന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.