പരാജയമായ ഇന്ത്യന്‍ 2വിന് ശേഷം ഇന്ത്യന്‍ 3 ഇറക്കാന്‍ അറ്റക്കൈ പ്രയോഗത്തിന് അണിയറക്കാര്‍ !

By Web Team  |  First Published Oct 3, 2024, 10:53 AM IST

ഇന്ത്യൻ 2 തീയറ്ററിൽ വൻ പരാജയമായിരുന്നതിനാൽ, നിർമ്മാതാക്കൾ ഇന്ത്യൻ 3 റിലീസ് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനത്തിലേക്ക്


ചെന്നൈ: തമിഴ് സിനിമ ലോകം മാത്രം അല്ല കമല്‍ഹാസന്‍ ആരാധകരും മറക്കാന്‍ ആഗ്രഹിക്കുന്ന 2024ലെ ഏടായിരിക്കും ഇന്ത്യന്‍ 2 എന്ന ചിത്രം. ക്ലാസിക്കായ ഇന്ത്യന്‍  ചിത്രത്തിന്‍റെ രണ്ടാം ഭാഗം തീയറ്ററില്‍ വന്‍ ദുരന്തമായി മാറുകയായിരുന്നു. മുടക്ക് മുതല്‍ പോലും ചിത്രത്തിന് ലഭിച്ചില്ല എന്നതല്ല. സംവിധായകന്‍ ഷങ്കര്‍ അടക്കം ഏറ്റുവാങ്ങിയ ട്രോളിനും കണക്കില്ലായിരുന്നു. 

ലൈക്ക പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ചിത്രം തമിഴ് സിനിമയില്‍ തന്നെ ഏറ്റവും വലിയ പരാജയമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഈ ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതാണ്. താന്‍ ഇന്ത്യന്‍ 2വിനെക്കാള്‍ കാത്തിരിക്കുന്ന ചിത്രം ഇന്ത്യന്‍ 3യാണെന്ന് നായകന്‍ കമല്‍ഹാസന്‍ ഒരു വേദിയില്‍ പരസ്യമായി പറഞ്ഞിരുന്നു.

Latest Videos

ഇന്ത്യന്‍ 2വിന്‍റെ ക്ലൈമാക്സില്‍ ഇന്ത്യന്‍ 3 ട്രെയിലര്‍ കാണിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ 2വില്‍ മിന്നിമറഞ്ഞ പല കഥാപാത്രങ്ങളും പൂര്‍ണ്ണമായും വരുന്ന മൂന്നാം ഭാഗത്തിലാണ് എന്ന സൂചന ട്രെയിലറില്‍ ഉണ്ടായിരുന്നു. സേനപതിയുടെ പിതാവ് വീരശേഖരന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കിയ സൂചന. കാജല്‍ അഗര്‍വാള്‍ ഈ ഭാഗത്ത് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

അതേ സമയം  ഇന്ത്യന്‍ 2 ഇറങ്ങി ആറ് മാസത്തിനുള്ളില്‍ ഇന്ത്യന്‍ 3 എത്തും എന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇന്ത്യന്‍ 2വിന് സംഭവിച്ച വന്‍ തിരിച്ചടിക്ക് ശേഷം ഇന്ത്യന്‍ 3 സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നില്ല. സംവിധായകന്‍ ഷങ്കര്‍ അടുത്ത ചിത്രമായ രാം ചരണ്‍ അഭിനയിക്കുന്ന ഗെയിം ചെയ്ഞ്ചറിന്‍റെ തിരക്കിലേക്കും, കമല്‍ അടുത്ത പടമായ തഗ്ഗ് ലൈഫിന്‍റെ തിരക്കിലേക്കും മാറി. പ്രൊഡക്ഷന്‍ കമ്പനി ലൈക്ക വേട്ടൈയന്‍ അടക്കം വരുന്ന വന്‍ പടങ്ങളുടെ തിരക്കിലാണ്. 

ഇതേ സമയമാണ് പുതിയൊരു സൂചന പുറത്തുവരുന്നത്. ഇന്ത്യൻ 2 വന്‍ നഷ്ടമാണ് വിതരണക്കാര്‍ക്കും തീയറ്റര്‍ ഉടമകള്‍ക്കും ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യൻ 3 തീയറ്റര്‍ റിലീസിന് മുന്‍പ് വിതരണക്കാരില്‍ നിന്നോ തീയറ്ററില്‍ നിന്നോ അഡ്വാന്‍സ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ കണക്കുകൂട്ടല്‍. ചിത്രം സൗജന്യമായി വിതരണത്തിന് നൽകിക്കൊണ്ട് ഇന്ത്യന്‍ 2 നഷ്ടം നികത്താൻ ആവശ്യപ്പെട്ടേക്കുമോ എന്ന ആശങ്ക പ്രൊഡക്ഷൻ ടീമിനുണ്ട്. അതിനാല്‍ തന്നെ ഇന്ത്യന്‍ 3 ഒരു ഒടിടി പ്ലാറ്റ്‌ഫോമിൽ  നേരിട്ട് റിലീസ് ചെയ്താലോ എന്ന ചര്‍ച്ച നിര്‍മ്മാതാക്കളില്‍ ഉയര്‍ന്നതായാണ് വിവരം.

ഇന്ത്യൻ 2 വിന്‍റെ ഒടിടി അവകാശം 125 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇന്ത്യൻ 3 യുടെ അവകാശവും നേടിയിട്ടുണ്ട്. അതേ സമയം ഇന്ത്യന്‍ 2 റിലീസായതിന് പിന്നാലെ നേരത്തെ നിശ്ചയിച്ച കരാര്‍ തുകയില്‍ നിന്നും കുറച്ചാണ് ഇന്ത്യന്‍ 2 നെറ്റ്ഫ്ലിക്സ് എടുത്തത് എന്നും വിവരമുണ്ട്. 

നേരിട്ടുള്ള ഒടിടി റിലീസ് നടക്കണമെങ്കില്‍ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്  ഇന്ത്യൻ 3ക്ക് കാര്യമായ ഒരു തുക ലഭിക്കണം. ഇതിലുള്ള ചര്‍ച്ചകള്‍ നടത്താന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍ എന്നാണ് വിവരം. കമല്‍ഹാസന്‍ ഷങ്കര്‍ എന്നിവര്‍ ഈ തീരുമാനത്തിനൊപ്പമാണോ എന്ന വ്യക്തമല്ല. പക്ഷെ ഇന്ത്യന്‍ 2വിന്‍റെ പ്രകടനം വച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യന്‍ 3 നിര്‍മ്മാതക്കള്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ വീണ്ടും ഇന്ത്യന്‍ 3 തീയറ്ററില്‍ എത്തും എന്നാണ് വിവരം.

തീയറ്ററില്‍ പൊട്ടിയിട്ടും ഇന്ത്യന്‍ 2വിന്‍റെ കഷ്ടകാലം തീരുന്നില്ല: ഇനി കോടതിയും കയറേണ്ടി വരുമോ, പുതിയ കുരുക്ക് 

'ഏത് മോശം സമയത്താണോ ഈ പരിപാടിക്ക് ഇറങ്ങിയത്': ഒടിടി ഇറങ്ങിയ ഇന്ത്യന്‍ 2വിന് ട്രോള്‍ മഴ !


 

click me!