
കൊച്ചി: പൃഥ്വിരാജിന് പിന്നാലെ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. മോഹൻലാലിനടക്കം നൽകിയ വിദേശ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നു വർഷം മുമ്പ് നടത്തിയ റെയ്ഡിന്‍റെ തുടർ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം .
എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകരെ കേന്ദ്ര ഏജൻസികൾ വളയുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ആന്‍റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകുന്നത്. മൂന്നുവർഷം മുമ്പാണ് ആന്‍റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ്, ആന്‍റോ ജോസഫ്, ദുൽഖർ സൽമാൻ തുടങ്ങി മലയാള സിനിമാ നിർമാണത്തിൽ സജീവമായവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്.
അന്നത്തെ നിയമ നടപടികൾ അവസാനഘട്ടത്തിലാണെന്നും അതിന്‍റെ ഭാഗമായിട്ടാണ് ആന്‍റണി പെരുമ്പാവൂരിനോട് ചില കണക്കുകളിൽ വ്യക്തത തേടിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം തുടങ്ങിയ സിനിമകൾ നിർമിച്ചത് ആന്‍റണിയുടെ ഉടമതസ്ഥതയിലുളള ആശീർവാദ് ഫിലിംസാണ്. ദുബായിൽ വെച്ച് മോഹൻലാലിന് കൈമാറിയ രണ്ടരക്കോടി രൂപ സംബന്ധിച്ചാണ് പ്രധാനമായും വ്യക്തത തേടിയത്.
ഒപ്പം ഈ സിനിമകളുടെ വിദേശ പ്രദർശനം അവകാശത്തിന്‍റെ വിൽപ്പന സംബന്ധിച്ചും പരിശോധിക്കുന്നുണ്ട്. ഓവർസീസ് റൈറ്റ്സ് വിൽപ്പനയിൽ മലയാള സിനിമയിൽ വ്യാപകമായി കളളപ്പണ ഇടപാട് നടക്കുന്നുവെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. ആന്‍റണി പെരുമ്പാവൂരിന്‍റെ മറുപടി കിട്ടിയാലുടൻ ഇൻകം ടാക്സ് അസസ്മെന്‍റ് വിഭാഗം ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തും. അതിനുശേഷമാണ് എത്ര തുക പിഴയൊടുക്കണമെന്ന് തീരുമാനിക്കുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ