ഹൗസ് ഫുള്‍ ഷോകള്‍, വൈവിധ്യമായ ലോക ചലച്ചിത്ര കാഴ്ചകള്‍: ഐ.എഫ്.എഫ്.കെയുടെ അഞ്ചാം ദിനം ഗംഭീരം

By Web Team  |  First Published Dec 17, 2024, 9:26 PM IST

ഐഎഫ്എഫ്കെയുടെ അഞ്ചാം ദിനത്തിൽ മികച്ച സിനിമകളുടെ പ്രദർശനം നടന്നു. കോൺക്ലേവ്, നീലക്കുയിൽ, തരംഗ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സിനിമാ പ്രദർശനങ്ങൾക്ക് പുറമെ നിരവധി സാംസ്കാരിക പരിപാടികളും നടന്നു.


തിരുവനന്തപുരം: മേളയുടെ അഞ്ചാം നാൾ മികച്ച സിനിമകളുടെ ഒരു നിര തന്നെ പ്രദര്ശനത്തിനുണ്ടായിരുന്നു. എഡ്‌വേഡ്‌ ബെർഗെർ സംവിധാനം ചെയ്ത് റാൽഫ് ഫൈൻസ്, സ്റ്റാൻലി ട്യൂച്ചി, കാർലോസ് ദിയസ്‌ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ കോൺക്ലേവ് എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനമായിരുന്നു ഏരീസ്പ്ലെക്സിൽ നടന്നത്. രഹസ്യാത്മകതയും നിഗൂഢതയും നിറഞ്ഞ, മാർപാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥാതന്തു മികച്ച സിനിമാ അനുഭവമാണ് പ്രേക്ഷകർക്ക് നൽകിയത്. 2016ൽ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലർ പുസ്തകമായ കോൺക്ലേവിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും മികച്ച ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ശബ്‍ദവും ചിത്രത്തിന്റെ പ്രദർശനത്തിന് വമ്പിച്ച ആൾക്കൂട്ടം സൃഷ്ടിച്ചു.  

ഫെമിനിച്ചി ഫാത്തിമ, പാത്ത്, കാമദേവൻ നക്ഷത്രം കണ്ടു, റിതം ഓഫ് ദമ്മാം മുതലായ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയാണ് കിട്ടിയത്.  ഭാസ്കരൻ മാഷിന്റെ നൂറാം ജന്മ വാർഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടർന്ന് മലയാള സിനിമാചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ‘നീലക്കുയിൽ’ പ്രദർശിപ്പിച്ചു. നീലക്കുയിലിലെ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹനെ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആദരിച്ചു. മികച്ച പ്രേക്ഷകപിന്തുണയാണ്  നീലക്കുയിലിന്റെ പ്രദർശനത്തിനു ലഭിച്ചത്.

Latest Videos

undefined

നിള തിയേറ്ററിൽ കുമാർ സാഹ്നിയുടെ വിഖ്യാതമായ തരംഗ് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നു. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എം.ആർ. രാജന്റെ 'റിമെംബെറിങ് കുമാർ സാഹ്നി' എന്ന പുസ്തക പ്രകാശനം നിർവഹിച്ചുകൊണ്ട് സയീദ് അക്തർ മിർസ, കുമാർ സാഹ്നി അനുസ്മരണ പ്രഭാഷണം നടത്തി. 

ചലച്ചിത്രപ്രദർശനം കൂടാതെ നിരവധി സാംസ്‌കാരിക പരിപാടികൾ കൊണ്ട് സമ്പുഷ്ടമായിരുന്നു മേളയുടെ അഞ്ചാം ദിനം. ഏറ്റവും അധികം ശ്രദ്ധയാർജിച്ച പരിപാടികളിൽ ഒന്നായ മീറ്റ് ദ ഡയറക്ടർ ചർച്ചയിൽ സംവിധായകരായ സുഭദ്ര മഹാജൻ (സെക്കൻഡ് ചാൻസ് ), ആര്യൻ ചന്ദ്രപ്രകാശ് (ആജൂർ), അഫ്രാദ് വി.കെ. (റിപ്‌ടൈഡ്), മിഥുൻ മുരളി (കിസ്സ് വാഗൺ), കൃഷാന്ദ് (സംഘർഷഘടന ), പെഡ്രോ ഫ്രെയ്‌റി( മാലു ), നിർമ്മാതാക്കളായ കരീൻ സിമോൺയാൻ ( യാഷ ആൻഡ് ലിയോനിഡ് ബ്രെഷ്‌നെവ് ), ഫ്‌ലോറൻഷ്യ (ഓസിലേറ്റിങ് ഷാഡോ) എന്നിവർ പങ്കെടുത്തു. മീര സാഹിബ് മോഡറേറ്ററായ പരിപാടിയിൽ സംവിധായകൻ ബാലു കിരിയത്ത് നന്ദി പറഞ്ഞു. ചലച്ചിത്ര ഭാഷ്യങ്ങളുടെയും അവ നേരിടുന്ന വെല്ലുവിളികളുടെയും ആഴത്തിലുള്ള സംവാദ വേദിയായി മാറി 'മീറ്റ് ദി ഡയറക്ടർ' ചർച്ച.

ടാഗോർ തീയേറ്ററിൽ നടന്ന ഓപ്പൺ ഫോറം സ്ത്രീപ്രാതിനിധ്യത്തെ കുറിച്ചുള്ള ചൂടേറിയ ചർച്ചയ്ക്കുള്ള വേദിയായി. ചലച്ചിത്രനിരൂപക ശ്രീദേവി പി അരവിന്ദ് മോഡറേറ്റർ ആയ ചർച്ചയിൽ സംവിധായകരായ ഇന്ദു ലക്ഷ്മി, ശോഭന പടിഞ്ഞാറ്റിൽ, ആദിത്യ ബേബി, ശിവരഞ്ജിനി എന്നിവർ പങ്കെടുത്തു.  

100 വർഷം പിന്നിട്ട അർമേനിയൻ സിനിമയെ ആധാരമാക്കി നിള തിയേറ്ററിൽ പാനൽ ചർച്ചയും നടന്നു. അർമേനിയൻ സിനിമാ ചരിത്രത്തെ കുറിച്ചുള്ള സമ്പന്നവും വെല്ലുവിളികൾ നിറഞ്ഞതുമായ കാലഘട്ടത്തിലേക്ക് പാനൽ ചർച്ച വെളിച്ചം വീശി. സെർജി അവേദികൻ, ഗോൾഡ സല്ലം,നോറാഹ് അർമാനി, കരീന സിമോണിയൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

ഐഎഫ്എഫ്‌കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം: പ്രേംകുമാർ

ചലച്ചിത്രമേളയിലും തിളങ്ങി രുധിരം; രാജ് ബി ഷെട്ടി- അപർണ ചിത്രത്തിന് വൻ വരവേൽപ്പ്

click me!