ഫ്രഞ്ച് സ്വദേശി ഗോള്‍ഡ സെല്ലം ആയിരുന്നു ഇത്തവണ ക്യുറേറ്റര്‍
കേരള രാജ്യാന്തര ചലച്ചിത്രമേള അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ കാണാന്‍ ആഗ്രഹിച്ച ചിത്രങ്ങളുടെ ബിഗ് സ്ക്രീന്‍ അനുഭവത്തിനായുള്ള പരിശ്രമത്തിലാണ് ഡെലിഗേറ്റുകള്‍. മേളയില്‍ ഏറ്റവും തിരക്കുള്ള ദിനങ്ങളിലൊന്നായിരുന്ന ഇന്നലെ പല ചിത്രങ്ങളും സീറ്റുകള്‍ നിറഞ്ഞതിനാല്‍ നിലത്തിരുന്നും പ്രേക്ഷകര്‍ കണ്ടു. ഇത്തവണത്തെ പാം ഡി ഓര്‍ ചിത്രം അനാട്ടമി ഓഫ് എ ഫോള്‍, മേളയുടെ ഓപണിംഗ് ചിത്രമായിരുന്ന ഗുഡ് ബൈ ജൂലിയ, ജാപ്പനീസ് ചിത്രം മോണ്‍സ്റ്റര്‍, ശ്രീലങ്കന്‍ ചിത്രം പാരഡൈസ് ഇങ്ങനെ നിരവധി ചിത്രങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നാണ് ഡെലിഗേറ്റുകള്‍ ഇന്നലെ കണ്ടത്.
അതേസമയം ഏഴാം ദിനമായ ഇന്ന് 65 സിനിമകളുടെ അവസാനപ്രദര്‍ശനം നടക്കുന്നുണ്ട്. ലോക സിനിമാവിഭാഗത്തിലെ ഇന്‍ഷാ അള്ളാ എ ബോയ്, അഫയര്‍, എ കപ്പ് ഓഫ് കോഫി ആന്‍ഡ് ന്യൂ ഷൂസ് ഓണ്‍, നൂറി ബില്‍ഗെ ജെയ്ലാന്റെ എബൗട്ട് ഡ്രൈ ഗ്രാസസ്, മത്സരവിഭാഗത്തിലെ ആഗ്ര, ഫാമിലി, സനൂസി റെട്രോസ്പെക്റ്റീവിലെ ദി കോണ്‍ട്രാക്റ്റ്, മലയാളം സിനിമാ ടുഡേ വിഭാഗത്തിലെ ആട്ടം, ബി 32 മുതല്‍ 44 വരെ, കലൈഡോസ്കോപ്പ് വിഭാഗത്തില്‍ എ മാച്ച്, അനുരാഗ് കശ്യപിന്‍റെ കെന്നഡി തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ അവസാന പ്രദര്‍ശനമാണ് ഇന്ന്.
ആര്‍ട്ടിസ്റ്റിക് ഡയറക്ടറിന് പകരം ക്യുറേറ്റര്‍ എന്ന തസ്തിക വന്ന ആദ്യ ചലച്ചിത്രോത്സവമാണ് ഇത്. സിനിമകളുടെ തെരഞ്ഞെടുപ്പിന് തങ്ങള്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചതെന്ന് ഫ്രഞ്ച് സ്വദേശിയായ ഗോള്‍ഡ സെല്ലം പറയുകയും ചെയ്തിരുന്നു. പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് സിനിമകളുടെ തെരഞ്ഞെടുപ്പിലെ തൃപ്തിയില്ലായ്‍മ കാണികളില്‍ വലിയൊരു വിഭാഗം പങ്കുവച്ചെങ്കിലും ആദ്യ മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം ആ അഭിപ്രായം മാറി. ലോക സിനിമാവിഭാഗത്തില്‍ ഇക്കുറി യൂറോപ്യന്‍ ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നതും കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗം ഇല്ലാതിരുന്നതും ഒഴിച്ചാല്‍ മികച്ച ഒരുപിടി ചിത്രങ്ങള്‍ ഓരോ വിഭാഗത്തിലും ഉണ്ടായിരുന്നു.
ഇത്തവണത്തെ പാം ഡി ഓര്‍ വിന്നര്‍ അനാട്ടമി ഓഫ് എ ഫോള്‍, ടര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗെ ജെയ്ലാന്റെ എബൗട്ട് ഡ്രൈ ഗ്രാസസ്, മലയാള ചിത്രങ്ങളായ ഫാമിലി, ആട്ടം, റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും അഭിനയിച്ച ശ്രീലങ്കന്‍ ചിത്രം പാരഡൈസ്, ഒപ്പം മൃണാള്‍ സെന്നിന്‍റെയും ക്രിസ്റ്റോഫ് സനൂസിയുടെയും റെട്രോസ്പെക്റ്റീവുകള്‍ എന്നിവയ്ക്കൊപ്പം ഹോമേജ് വിഭാഗത്തില്‍ കെ ജി ജോര്‍ജിന്‍റെ യവനികയുടെ റെസ്റ്റോര്‍ഡ് പതിപ്പ് പോലെയുള്ള ബിഗ് സ്ക്രീന്‍ അനുഭവങ്ങളും ഡെലിഗേറ്റുകള്‍ക്ക് വിരുന്നൊരുക്കി. തിയറ്ററുകളിലെ സീറ്റിന്‍റെ എണ്ണവും പാസുകളുടെ അന്തരവും കാരണമുള്ള തിരക്കും ഓണ്‍ലൈന്‍ ബുക്കിംഗില്‍ അടക്കം നേരിടുന്ന പ്രശ്നങ്ങളും ഒഴിച്ചാല്‍ വലിയ പരാതികള്‍ ഒഴിഞ്ഞുനിന്ന മേളയുമായിരുന്നു ഇത്തവണത്തേത്. ഇന്നത്തെ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ തിയറ്ററുകളില്‍ മാത്രം നാളെ മൂന്ന് പ്രദര്‍ശനങ്ങള്‍ വീതം നടക്കും. ശേഷം നിശാഗന്ധിയില്‍ വിജയികളെ പ്രഖ്യാപിക്കും.
ALSO READ : IFFK REVIEW : ഓരോ ഇന്ത്യന്‍ യുവാവിന്‍റെയും ഭൂതകാലം; 'ആഗ്ര' റിവ്യൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം