ഐഎഫ്എഫ്‍കെയിലെ അന്താരാഷ്‍ട്ര മത്സരവിഭാഗത്തില്‍ 10 വിദേശ ചിത്രങ്ങള്‍

By Web Team  |  First Published Nov 8, 2022, 4:37 PM IST

'അറിയിപ്പ്', 'നൻപകൽ നേരത്ത് മയക്കം' എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്‍ട്ര മത്സര വിഭാഗത്തിലേക്കുള്ള വിദേശ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 10 വിദേശ ചിത്രങ്ങളാണ് മത്സരവിഭാഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇസ്രായേൽ, ഇറാൻ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങള്‍ മത്സരവിഭാഗത്തിനുണ്ട്.  അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് മലയാളം സിനിമാ ടുഡേ, ഇന്ത്യൻ സിനിമ നൗ വിഭാഗങ്ങളിൽ നിന്ന് 'അറിയിപ്പ്', 'നൻപകൽ നേരത്ത് മയക്കം', 'എ പ്ലെയ്‍സ് ഓഫ് അവർ ഓൺ', 'അവർ ഹോം' തുടങ്ങിയ ചിത്രങ്ങൾ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു,

'ഹൂപോജെ/ 'ഷെയ്ൻ ബേ സർ' (സംവിധാനം: മെഹ്ദി ഗസൻഫാരി, ഇറാൻ), 'കെർ' (സംവിധാനം: ടാൻ പിർസെലിമോഗ്ലു, തുർക്കി ഗ്രീസ്, ഫ്രാൻസ്) 'കൺസേൺഡ്‌ സിറ്റിസൺ' (സംവിധാനം: ഇദാൻ ഹാഗുവൽ, ഇസ്രയേൽ), 'കോർഡിയലി യുവേഴ്‍സ്' / 'കോർഡിയൽമെന്റ് റ്റ്യൂസ്' (സംവിധാനം: ഐമർ ലബകി, ബ്രസീൽ), 'ആലം' (സംവിധാനം: ഫിറാസ് ഖൗറി ടുണീഷ്യ, പാലസ്‍തീൻ, ഫ്രാൻസ്, സൗദി അറേബ്യ, ഖത്തർ), 'കൺവീനിയൻസ് സ്റ്റോർ' /' പ്രോഡുക്റ്റി 4' (സംവിധാനം: മൈക്കൽ ബൊറോഡിൻ, റഷ്യ, സ്ലൊവേനിയ, തുർക്കി), 'ഉട്ടാമ' (സംവിധാനം: അലജാന്ദ്രോ ലോയ്‍സ ഗ്രിസി, ബൊളീവിയ, ഉറുഗ്വേ, ഫ്രാൻസ്), 'മെമ്മറിലാൻഡ്' / 'മിയെൻ' (സംവിധാനം: കിം ക്യൂ, വിയറ്റ്നാം, ജർമ്മനി), 'ടഗ് ഓഫ് വാർ'/ 'വുത എൻ കുവുതെ' (സംവിധാനം: അമിൽ ശിവ്ജി, ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ഖത്തർ, ജർമ്മനി), 'ക്ലോണ്ടികെ' (സംവിധാനം: മേരിന എർ ഗോർബച്ച്, യുക്രെയ്ൻ, തുർക്കി) എന്നിവയാണ് അന്താരാഷ്‍ട്ര മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദേശ ചിത്രങ്ങള്‍.

Latest Videos

ഡിസംബർ ഒമ്പത് മുതൽ 16 വരെ തിരുവനന്തപുരത്ത് മേള നടക്കും. തലസ്ഥാനത്തെ 14 തീയേറ്ററുകളിലാണ് മേള നടക്കുന്നത്. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രമുഖ ഇറാനിയൻ സംവിധായകൻ മഹ്നാസ് മുഹമ്മദിക്ക് 'സ്‍പിരിറ്റ് ഓഫ് സിനിമ' പുരസ്‍കാരം സമ്മാനിക്കും. സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ പോരാടാൻ സിനിമയെ ഒരു മാധ്യമമായി ഉപയോഗിക്കുന്ന നിർഭയരായ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന പുരസ്‍കാരത്തിൽ അഞ്ച് ലക്ഷം രൂപ നൽകും.

അന്താരാഷ്‍ട്ര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'നൻപകല്‍ നേരത്ത് മയക്കം' മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്‍തത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചത്. മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'അറിയിപ്പ്'. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ.

Read More: ഹിന്ദിയിലെ 'ഹെലൻ' തിയറ്ററുകളില്‍, 'മിലി'യുടെ ജൂക്ക്ബോക്സ് പുറത്ത്

click me!