"506 പേര്‍ തെരഞ്ഞെടുത്ത ഒരു കമ്മിറ്റി ഒന്നടങ്കം രാജിവെക്കുക എന്നത്.."
താരസംഘടനയായ അമ്മയിലെ കൂട്ടരാജിയെ താന്‍ ന്യായീകരിക്കില്ലെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. ആരോപണ വിധേയരെ മാത്രം മാറ്റുന്നതിന് പകരം കമ്മിറ്റി ഒന്നടങ്കം രാജി വെക്കുന്നതിന് പിന്നിലെ കാരണം തനിക്ക് മനസിലാവുന്നില്ലെന്നും അനൂപ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
"കൂട്ടരാജിയെ ഞാന്‍ ഒരിക്കലും ന്യായീകരിക്കുന്നില്ല. കാരണം ആരോപണവിധേയനായിട്ടുള്ള ഒരാള്‍ ഉണ്ടെങ്കില്‍ അയാളെ മാറ്റുക. രണ്ട് പേര്‍ ആണെങ്കില്‍ അവരെ മാറ്റുക. അതിന് പകരം 506 പേര്‍ തെരഞ്ഞെടുത്ത ഒരു കമ്മിറ്റി ഒന്നടങ്കം രാജിവെക്കുക എന്നത് വോട്ട് ചെയ്തവരെയും കേരളത്തിന്‍റെ സാംസ്കാരിക മൂല്യത്തെ ബഹുമാനിക്കുന്നവരെയും അപമാനിക്കുന്നതുമാണെന്നാണ് എനിക്ക് തോന്നുന്നത്. തുടര്‍ച്ചയായി ഉണ്ടാവുന്ന ആരോപണങ്ങളില്‍ എല്ലാവരും പുറത്ത് പോകേണ്ടിവരുമെന്ന തോന്നലില്‍ നിന്നാണോ അതോ ആരോപണം വരുന്നവര്‍ക്ക് സങ്കടം വരാതിരിക്കാനാണോ ഈ തീരുമാനമെന്ന് അറിയില്ല", അനൂപ് ചന്ദ്രന്‍ പറയുന്നു.
"ഇതിനൊക്കെ മറുപടി പറയേണ്ട ആള്‍ ജഗദീഷ് ആണ്. കാരണം അദ്ദേഹമാണ് അസോസിയേഷന്‍ ഇലക്ഷന് തലേന്ന് പ്രസിഡന്‍റ് മോഹന്‍ലാലിനെ നിര്‍ത്തിക്കൊണ്ട് ഞങ്ങളാണ് ഒഫിഷ്യല്‍ പാനല്‍ എന്ന് മറ്റുള്ളവരോട് പറഞ്ഞത്. അനൂപ് ചന്ദ്രനും ജയനും കുക്കു പരമേശ്വരനുമൊക്കെ അടങ്ങുന്നവര്‍ (അങ്ങനെ വാക്കാല്‍ പറഞ്ഞില്ലെങ്കിലും) റിബല്‍ ആണ്, ഞങ്ങളാണ് മോഹന്‍ലാലിന് ഇഷ്ടപ്പെട്ടവര്‍ എന്ന് ഓരോ ആളുകളെയും നിര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അന്ന് ലാലേട്ടന്‍ നിശബ്ദനായി നിന്നുകൊടുത്തു. അതിന്‍റെയൊത്തെ പരിണിതഫലമാണ് ഈ കാണുന്നത്", അനൂപ് ചന്ദ്രന്‍ പറഞ്ഞവസാനിപ്പിക്കുന്നു.