ഡിസംബര്‍ 21 ന് 18 സ്ക്രീനുകളിലായിരുന്നു യുഎസിലെ റിലീസ്
മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ ജനപ്രീതിയും ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യലും ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്ന ചിത്രമായി മാറിയിരിക്കുകയാണ് നേര്. ഹിറ്റ് കൂട്ടുകെട്ടായ ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പിനേഷനില്‍ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് എത്തിയ ചിത്രം കേരളത്തില്‍ മാത്രമല്ല, റിലീസ് ചെയ്യപ്പെട്ട ഏതാണ്ടെല്ലാ മാര്‍ക്കറ്റുകളിലും വന്‍ പ്രദര്‍ശന വിജയമാണ് നേടുന്നത്. യുഎസ് അടക്കമുള്ള പല വിദേശ മാര്‍ക്കറ്റുകളിലും അതാണ് സാഹചര്യം.
യുഎസിലെ മാത്രം കാര്യമെടുത്താല്‍ ഡിസംബര്‍ 21 ന് 18 സ്ക്രീനുകളിലായിരുന്നു റിലീസ്. പിന്നീടുള്ള ഓരോ വാരങ്ങളിലും സ്ക്രീന്‍ കൗണ്ട് കാര്യമായി വര്‍ധിപ്പിച്ചാണ് ചിത്രത്തിന്‍റെ മുന്നേറ്റം. 18 സ്ക്രീനുകള്‍ എന്നത് രണ്ടാം വാരം 26 ആയും മൂന്നാം വാരം ആയപ്പോഴേക്ക് 48 ആയും വര്‍ധിച്ചിരിക്കുകയാണ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് അപൂര്‍വ്വമാണ് ഈ ജനപ്രീതി. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 9 ദിവസം കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ച കണക്കാണ് ഇത്. മൂന്നാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകള്‍ സംബന്ധിച്ചും ട്രേഡ് അനലിസ്റ്റുകള്‍ വിവിധ സംഖ്യകള്‍ അറിയിക്കുന്നുണ്ട്.
മോഹന്‍ലാല്‍ വിജയമോഹന്‍ എന്ന അഭിഭാഷകനായി എത്തുന്ന ചിത്രം കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അനശ്വര രാജന്‍, സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം