സിസിഎല്ലില്‍ വിജയത്തുടക്കമിടാൻ മലയാളി സിനിമാ താരങ്ങള്‍, കേരള സ്‍ട്രൈക്കേഴ്‍സിന്റെ മത്സരം ഓണ്‍ലൈനില്‍ കാണാം

By Web Team  |  First Published Feb 19, 2023, 12:04 PM IST

സിസിഎലില്‍ മലയാളി സിനിമാ താരങ്ങളുടെ ടീമായ കേരള സ്‍ട്രൈക്കേഴ്‍സിന്റെ മത്സരം ഓണ്‍ലൈനില്‍ ലൈവായി കാണാം.


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ആദ്യ മത്സരത്തിന് കേരള സ്‍ട്രൈക്കേഴ്‍സ് ഇന്നിറങ്ങും. റായ്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ തെലുങ്ക് സിനിമാ താരങ്ങള്‍ അണിനിരക്കുന്ന തെലുങ്ക് വാരിയേഴ്‍സുമായാണ് കേരള സ്‍‍ട്രൈക്കേഴ്‍സ് ഏറ്റുമുട്ടുക. കുഞ്ചാക്കോ ബോബന്റെ ക്യാപ്റ്റൻസിയിലുള്ള മലയാള സിനിമാ താരങ്ങള്‍ ഗംഭീര വിജയത്തോടെ പുതിയ സീസണിന് തുടക്കമിടാനാണ് ശ്രമിക്കുന്നത്. 2.30ന് നടക്കുന്ന മത്സരം സീ5ലൂടെയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയും ലൈവായി ഓണ്‍ലൈനില്‍ കാണാം.

ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ​ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരാണ് കേരള ടീം അം​ഗങ്ങൾ.  മിക്കവരും ഓള്‍റൗണ്ടര്‍മാരാണ് എന്നതാണ് കേരള സ്‍ട്രൈക്കേഴ്‍സിന് മുൻതൂക്കം നല്‍കുന്ന ഘടകം. മുൻ സീസണുകളില്‍ തിളങ്ങിയ രാജീവ് പിള്ള ഇത്തവണയും കേരള സ്‍ട്രൈക്കേഴ്‍സിന്റെ വിജയ താരമാകുമെന്നാണ് പ്രതീക്ഷ. രാജീവ് പിള്ളയ്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ആയി ഇന്ദ്രജിത്ത്, വിവേക് ഗോപൻ എന്നിവരും കേരള സ്‍‍ട്രൈക്കേഴ്‍സ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

Latest Videos

അഖില്‍ അക്കിനേനിയുടെ ക്യാപ്റ്റൻസിയിലാണ് തെലുങ്ക് താരങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. സച്ചിൻ ജോഷി, അശ്വിൻ ബാബു, ധരം, ആദര്‍ശ്, നന്ദ കിഷോര്‍, നിഖില്‍, രഘു, സമ്രത്, തരുണ്‍, വിശ്വ, പ്രിൻസ്, സുശാന്ത്, ഖയ്യും, ഹരീഷ് എന്നിവരാണ് ടീം അംഗങ്ങള്‍. വെങ്കിടേഷ് മെന്ററാണ്. തെലുങ്ക് വാരിയേഴ്‍സിന്റെയും  ഈ സീസണിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.

​പരിഷ്‍കരിച്ച ഫോര്‍മാറ്റിലായിരുന്നു പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരിച്ചിരിക്കുന്നത്. പത്തോവര്‍ വീതമുള്ള രണ്ട് സ്‍പെല്ലുകള്‍ ഓരോ ടീമിനും ലഭിക്കുന്ന തരത്തില്‍ നാല് ഇന്നിംഗ്‍സുകളായിട്ടാണ് ഇത്തവണത്തെ സിസിഎല്‍.  പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്സ് ബംഗാള്‍ ടൈഗേഴ്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെ ചൈന്നൈ റൈനോസ് 10 വിക്കറ്റിന് പരാജയപ്പെടുത്തി.

Read More: 'വാള്‍ട്ടര്‍ വീരയ്യ'യ്‍ക്ക് ശേഷം അജിത്ത് ചിത്രത്തിന്റെ റീമേക്ക്, 'ഭോലാ ശങ്കറി'ന്റെ മോഷൻ പോസ്റ്റര്‍

click me!