സമാധാനത്തിന്റേയും സ്‍നേഹത്തിന്റേയും തെന്നലായി 'ഹോം ടൗൺ ചാ ചാ' - റിവ്യു

By P R Vandana  |  First Published Sep 23, 2022, 1:57 PM IST

ഗോൻജീൻ ഗ്രാമത്തിലേക്ക് അടുത്ത ബസ്സ് എപ്പോൾ എന്ന് ചോദിക്കാൻ തോന്നുന്ന സ്നേഹത്തണലാണ് അവിടം- 'ഹോം ടൗൺ ചാ ചാ'  റിവ്യു.


സമീപകാലത്ത് ലോകത്താകെ തന്നെ സന്തോഷം വിതറിയ പരമ്പരയായിരുന്നു 'ഹോംടൗൺ ചാ ചാ ചാ'. റേറ്റിങിലെ മികച്ച പ്രകടനം. നെറ്റ്ഫ്ലിക്സിന്റെ ആഗോള കാഴ്‍ച കണക്കുകളിൽ മുന്നിൽ. 'ഹോം ടൗൺ ചാ ചാ ചാ' എല്ലാ അർത്ഥത്തിലും തരംഗമായിരുന്നു. മികവ് തന്നെ പ്രധാനവിജയ കാരണം. നിർമാണത്തിൽ , രചനയിൽ, കഥാപാത്ര സൃഷ്‍ടിയിൽ, താരപ്രകടനത്തിൽ ഒരു വാചകത്തിൽ പറയാമെങ്കിൽ പ്രമേയത്തിൽ പുതുമയൊന്നും ഇല്ല. സ്വഭാവത്തിലും പ്രകൃതത്തിലും തികച്ചും വിഭിന്നരായ രണ്ടു പേർ ആദ്യത്തെ തെറ്റിദ്ധാരണകൾക്കും സംശയങ്ങൾക്കും ശേഷം പ്രണയത്തിലാകുന്നു. നായികയായ യൂ ഹൈ ജിൻ ഡെന്റിസ്റ്റ് ആണ്. ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമയുമായുള്ള നൈതിക വാക്പോരിന് ശേഷം സോളിൽ നിന്ന് ഗോൻജിൻ എന്ന ഗ്രാമത്തിലേക്ക് ജീവിതം പറിച്ചുനടുന്നു. അവിടെ വെച്ച് ഗ്രാമീണരുടെ എല്ലാ ആവശ്യക്കാർക്കും കയ്യാൾ ആയി എത്തുന്ന ഹോങ് ഡു സിക്കിനെ കണ്ടുമുട്ടുന്നു. നഗരവാസിയുടെ പരിഷ്‍കാരവും ചിട്ടകളും ഗ്രാമത്തിന്റെ പഴഞ്ചൻ രീതികളും തമ്മിൽ ചെറിയ  അസ്വാരസ്യങ്ങൾ ഉണ്ടാവുന്നുണ്ട് ഇടക്ക്. പിന്നെ ഹൈ ജിൻ ഡു  ഗ്രാമവാസികളുമായി കൂടുതൽ അടുക്കുന്നു, ഡു സിക്കുമായി പ്രണയത്തിലാകുന്നു.

ഇത്രയും ലളിതമായ കഥ എങ്ങനെയാണ് ലോകത്തിന്റെ മനം കവർന്നത്? തിരശ്ശീലയിൽ കാണുന്ന ഓരോരുത്തരും നമ്മളിൽ തന്നെ ചിലരാണ്. ഓരോ  കഥാപാത്രത്തിന്റെയും  ജീവിതവും നേരിടുന്ന ബുദ്ധിമുട്ടുകളും എല്ലാം നമ്മൾ ഓരോരുത്തർക്കും പരിചിതമാണ്. ദാമ്പത്യത്തിലെ പ്രശ്‍നങ്ങളായാലും തകർന്ന സ്വപ്‍നങ്ങളായാലും പ്രിയപ്പെട്ടവരുടെ മരണമായാലും തൊഴിലിടങ്ങളിലെ സമ്മർദങ്ങളും വിവേചനം കൊണ്ടു വരുന്ന അകൽച്ചയും എല്ലാം നമുക്ക് പെട്ടെന്ന് മനസ്സിലാകും നിരാശ വന്നു മൂടുമ്പോൾ കരുതൽ നൽകേണ്ടതിന്റെ ആവശ്യകത, സൗഹൃദം നൽകുന്ന കരുത്ത് ഇതെല്ലാം പരന്പര കാണിച്ചു തരുന്നു.

Latest Videos

നായിക  അകാലത്തിൽ മരിച്ചു പോയ അമ്മയുടെ സാമീപ്യം ഇപ്പോഴും ആഗ്രഹിക്കുന്നു. മകളുടെ നന്മക്ക് വേണ്ടി ഗായകനെന്ന സ്വപ്‍നം മാറ്റിവെച്ച ആള്‍ കഫേ നടത്തുന്നു. ദാമ്പത്യം തകർന്ന വേദനയിലും ജീവിതം വീറോടെ മുന്നോട്ടു കൊണ്ടുപോകുന്നവളാണ് റെസ്റ്റോറന്റ് ഉടമ. അവിടെ ചൈനീസ് റെസ്റ്റോറൻറ് നടത്തുന്നവൾ സ്വന്തം ജീവിതത്തിലെ ശൂന്യതയും ഏകാന്തതയും വെറുതെ വർത്തമാനം പറഞ്ഞും എല്ലാത്തിലും ഇടപെട്ടും പരിഹരിക്കാൻ ശ്രമിക്കുന്നു. നാടിന്റെ തന്നെ മുത്തശ്ശിയായിട്ടാണ് മക്കളും കുടുംബവും ഒന്നും അടുത്തില്ലാത്ത മുഷിപ്പ് ഗ്രാമത്തിലെ കാരണവത്തി പരിഹരിക്കുന്നത്. ഭാരമാകുന്ന വേദനകളും നിരാശകളും ഇല്ലാത്ത ആളല്ല നായകനായ ഡു സിക്ക്. ഇവരെല്ലാവരും പരസ്‍പരം താങ്ങാകുന്നു. തണലും. പ്രശ്‍നങ്ങളുണ്ട് അവിടെ. പിണക്കങ്ങളും. പക്ഷേ പരിഹാരവും ഉണ്ട്. ഗോൻജീൻ ഗ്രാമത്തിലേക്ക് അടുത്ത ബസ്സ് എപ്പോൾ എന്ന് ചോദിക്കാൻ തോന്നുന്ന സ്നേഹത്തണലാണ് അവിടം.

ദുരന്തങ്ങളും സങ്കടങ്ങളും ഒരാളിൽ ഉണ്ടാക്കുന്ന മാനസിക ആഘാതം എത്ര വലുതാണെന്നും കരുതലോടെ ഒരാളെ നിരാശയുടെ ഇരുളിച്ചയിൽ നിന്ന് എങ്ങനെ കൈ പിടിച്ചു കൊണ്ടുവരാനാകും എന്നും പരമ്പര മനോഹരമായി കാണിച്ചു തരുന്നു. അതിന് പഠിപ്പിക്കലിന്റെ സ്വഭാവമില്ല. സോദാഹരണ പ്രഭാഷണത്തിന്റെ മുഷിപ്പില്ല. നമ്മളിലേക്ക് ഇറങ്ങി വരുന്ന തിരിച്ചറിവ് ആണത് പരമ്പരയുടെ ഏറ്റവും വലിയ കാര്യം. പിന്നെ കഥാപാത്രങ്ങളായി എത്തിയ ഓരോ താരവും ഗംഭീരമാക്കി. നായികാനായകൻമാരായ ഷിൻ മിൻ ആയും കിം സ്യോൺ ഹോയും തമ്മിലുള്ള കെമിസ്ട്രിയും അവരുടെ അഭിനയവും പരമ്പരയുടെ വിജയകാരണങ്ങളിൽ തന്നെ ഒന്നാണ്. ലീ സാങ് യി, ഗോങ് മിൻ ജ്യുങ്, കിം യൂങ് ഒകെ, ജോ ഹാൻ ചുൾ, ലീ ബോങ് റൂൺ, ഇൻ ഗ്യോ ജിൻ, ചാ ചുങ് ഹ്വാ തുടങ്ങി കെ ഡ്രാമ രംഗത്തെ ശ്രദ്ധേയർ വിവിധ കഥാപാത്രങ്ങളായി പരമ്പരയിൽ ജീവിക്കുന്നു. പരമ്പരയ്‍ക്ക് പിന്നാലെ ഗ്യോങ്സാങ് പ്രവിശ്യയിലെ പൊഹാങ്ങിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് എന്ന വാർത്ത. വെറുതെയല്ല. കഥാപാത്രസൃഷ്‍ടിയിലെ സൗന്ദര്യത്തിന് ചേർന്നു നിൽക്കുന്നതാണ് ഗോൻജീൻ എന്ന  കഥാപശ്ചാത്തലവും. നീലക്കടലിന്റെ ശാന്തതയും നീലാകാശത്തിന്റെ കുളിർമയും പരമ്പര കണ്ടു കഴിയുമ്പോൾ ഓരോ പ്രേക്ഷകനും അനുഭവിക്കും. സന്തോഷത്തിന്റെ ഒരു ചെറു ചിരി വിരിയും.  'ഹോം ടൗൺ ചാ ചാ ചാ' സമാധാനത്തിന്റേയും  സ്‍നേഹത്തിന്റേയും തെന്നലാണ്.

Read More : ക്രൈമും റൊമാൻസും ഇഴചേര്‍ന്ന് 'സസ്‍പീഷ്യസ് പാര്‍ട്‍ണര്‍'- റിവ്യു

click me!