മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും ഇത്
കരിയറില്‍ ഏറെ വൈവിധ്യപൂര്‍ണ്ണമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജയരാജ് (Jayaraj). വമ്പന്‍ കമേഴ്സ്യല്‍ ഹിറ്റുകള്‍ മുന്‍പ് ഒരുക്കിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി കലാമൂല്യമുള്ള സിനിമകളുടെ വഴിയേ ആണ്. നവരസ പരമ്പരയില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ക്കാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അദ്ദേഹം ശ്രദ്ധ കൊടുത്തത്. ഇപ്പോഴിതാ ഏറെ കൌതുകമുണര്‍ത്തുന്ന ഒരു പ്രോജക്റ്റ് പ്രഖ്യാപനം ജയരാജില്‍ നിന്ന് ഉണ്ടായിരിക്കുകയാണ്. സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി 1995ല്‍ താന്‍ സംവിധാനം ചെയ്‍ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അത്.
ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ഹൈവേയെങ്കില്‍ മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും സീക്വല്‍. ഹൈവേ 2 (Highway 2) എന്നാണ് രണ്ടാംഭാഗത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററിനൊപ്പം സുരേഷ് ഗോപിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രവുമാണിത്. ലീമ ജോസഫ് ആണ് നിര്‍മ്മാണം. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ആവേശകരമായ പ്രതികരണമാണ് ചലച്ചിത്ര പ്രേമികളില്‍ നിന്നും ഈ പ്രഖ്യാപനത്തിന് ലഭിക്കുന്നത്.
ജയരാജിന്‍റെ കഥയ്ക്ക് സാബ് ജോണ്‍ തിരക്കഥയൊരുക്കിയാണ് ഹൈവേ പുറത്തെത്തുന്നത്. ഹേയ്ഡേ ഫിലിംസിന്‍റെ ബാനറില്‍ പ്രേം പ്രകാശ് ആയിരുന്നു നിര്‍മ്മാണം. ശ്രീധര്‍ പ്രസാദ് (മഹേഷ് അരവിന്ദ്) എന്ന റോ ഉദ്യോഗസ്ഥന്‍ ആയിരുന്നു സുരേഷ് ഗോപിയുടെ കഥാപാത്രം. ഭാനുപ്രിയയായിരുന്നു നായിക. ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, ബിജു മേനോന്‍, ജോസ് പ്രകാശ്, അഗസ്റ്റിന്‍, കുഞ്ചന്‍, സുകുമാരി, സ്ഫടികം ജോര്‍ജ്, വിനീത് തുടങ്ങിയവര്‍ കഥാപാത്രങ്ങളായ ചിത്രത്തില്‍ സില്‍ക്ക് സ്മിത ഒരു ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്‍റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് ആന്ധ്ര പ്രദേശിലും വന്‍ കളക്ഷന്‍ നേടിയിരുന്നു.
ALSO READ : സൈനികനായി ദുല്‍ഖര്‍, തെലുങ്കിലെ രണ്ടാം വരവ്: 'സീതാ രാമം' ടീസര്‍