താൽകാലിക ആശ്വാസം, മോഹൻലാലിന്റെ 'നേരി'ന് വിലക്കില്ല, നാളെ നിർണായകം

By Web TeamFirst Published Dec 21, 2023, 11:55 AM IST
Highlights

ഹർജിക്കാരന്റെ ആരോപണങ്ങൾ കോടതി നാളെ വീണ്ടും പരിഗണിക്കും.

കൊച്ചി: ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. സിനിമയില്‍ കഥയുടെ ക്രെഡിറ്റ് നൽകിയിട്ടില്ല, പ്രതിഫലം നൽകിയില്ല എന്നീ പരാതികളാണ് ഹർജിക്കാരനായ എഴുത്തുകാരൻ ദീപക് ഉണ്ണി ഉന്നയിച്ചത്. ഈ പേരിൽ സിനിമയുടെ റിലീസ് തടയാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കി. ഹർജിക്കാരന്റെ ആരോപണങ്ങൾ കോടതി നാളെ വീണ്ടും പരിഗണിക്കും.

രണ്ട് ദിവസം മുന്‍പാണ് തന്‍റെ കഥയാണ് നേരിലേത് എന്ന് ചൂണ്ടിക്കാട്ടി ദീപക് ഉണ്ണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.  മൂന്ന് വർഷം മുൻപ് കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ച് ജീത്തുവും ശാന്തി മായാദേവിയുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇവിടെ വച്ച് ജീത്തുവും ശാന്തിയും ചേർന്ന് തന്റെ കഥ നിർബന്ധിച്ച് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.  വിഷയത്തിൽ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിഭാഷകയുമായ ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. 

Latest Videos

നടി ​ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; മുഖ്യ പ്രതികൾ കുന്നംകുളത്ത് പിടിയിൽ

ഈ ആരോപണങ്ങള്‍ക്കിടെ നേര് ഇന്ന് തിയറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഒരിടവേളക്ക് ശേഷമുള്ള മോഹന്‍ലാലിന്‍റെ വന്‍ തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം വിധി എഴുതുന്നത്. തങ്ങളുടെ മോഹന്‍ലാലിനെ തിരികെ കൊണ്ടുവന്ന ജീത്തുവിനും അഭിനന്ദന പ്രവാഹമാണ്. പ്രിയമണി, അനശ്വര രാജന്‍, സിദ്ധിഖ്, ജഗദീഷ് തുടങ്ങി നിരവധി താരനിര ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു. അതേസമം, നേരിന് ലഭിക്കുന്ന പൊസിറ്റീവ് റിവ്യുകള്‍ക്കും സ്നേഹത്തിനും ജീത്തു ജോസഫ് നന്ദി അറിയിച്ചിട്ടുണ്ട്. കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

tags
click me!