എസ്എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്‍റെയും പുതിയ ചിത്രത്തിന്‍റെ അപ്ഡേറ്റ് ശരിക്കും പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്നു.
ഹൈദരാബാദ്: എസ്എസ് രാജമൗലി ഒരു കാര്യം ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ സ്പെഷ്യലായി എന്തെങ്കിലും ഉണ്ടാകും എന്നാണ് ഇന്ത്യന്‍ സിനിമ ലോകത്തെ വിശ്വാസം. 2022ല്‍ ഇറങ്ങിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷത്തോളമായി പുതിയ ചിത്രത്തിന്‍റെ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സംവിധായകന്‍. ഏറ്റവും പുതിയ വിവരം പ്രകാരം മഹേഷ് ബാബുവിനൊപ്പം ചെയ്യുന്ന താല്‍കാലികമായി എസ്എസ്എംബി29 എന്ന ചിത്രത്തിന്‍റെ പൂജ വളരെ രഹസ്യമായി നടത്തിയെന്നാണ് വിവരം.
ഹൈദരാബാദില്‍ നടന്ന പ്രത്യേക പൂജ ചടങ്ങോടെയാണ് ചിത്രം ആരംഭിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ പൂര്‍ണ്ണമായ ഷൂട്ടിംഗ് പിന്നീട് ആരംഭിക്കും എന്നാണ് വിവരം. ഹൈദരാബാദിന്‍റെ പ്രാന്ത പ്രദേശത്ത് ഒരു അലുമിനിയം ഫാക്ടറിയിലാണ് ഈ പൂജ നടന്നത് എന്നാണ് വിവരം. ഇതുവരെ പൂജയുടെ ഒരു സ്റ്റില്ല് പോലും പുറത്ത് എത്തിയിട്ടില്ല. തീര്‍ത്തും രഹസ്യമാണ് ചടങ്ങുകള്‍.
അതേ സമയം രഹസ്യമായി ഇത് നടത്താന്‍ തന്നെയാണ് അണിയറക്കാരുടെ തീരുമാനം എന്നാണ് വിവരം. അതിന് ഒരു കാരണവും ഉണ്ടത്രെ. രാജമൗലി ഇതുവരെ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രത്യേക ലുക്കിലാണ് മഹേഷ് ബാബു പൂജയില്‍ പങ്കെടുത്തത് എന്നാണ് വിവരം.
ചിത്രത്തിന്‍റെ പൂജ ചടങ്ങ് സ്വകാര്യമായി സൂക്ഷിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. ഈ രഹസ്യം എന്തായാലും ചിത്രത്തെക്കുറിച്ച് ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്, കൂടാതെ ഈ ആവേശകരമായ പ്രോജക്റ്റിൽ മഹേഷിനായി രാജമൗലി എന്താണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് കാണാൻ പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതേ സമയം പ്രിയങ്ക ചോപ്ര ചിത്രത്തില്‍ നായികയാകും എന്ന അഭ്യൂഹം പരക്കുണ്ട്. കീരവാണിയായിരിക്കും ചിത്രത്തിന്‍റെ സംഗീതം. ഒരു അഡ്വഞ്ചര്‍ സ്റ്റോറിയായിരിക്കും ചിത്രം പറയുക എന്നാണ് വിവരം.
അതേ സമയം ചിത്രത്തിന്‍റെ കാസ്റ്റിംഗ് അടക്കം പുരോഗമിക്കുന്നുവെന്നാണ് വിവരം. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ പൃഥ്വിരാജ് എത്തും എന്ന് അടക്കം അഭ്യൂഹങ്ങള്‍ വന്നിരുന്നു. എപ്പോഴും ഒരു ചിത്രം സമയമെടുത്ത് ചെയ്യുന്ന വ്യക്തിയാണ് രാജമൗലി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദുബായിലാണ് പുരോഗമിക്കുന്നത്. അതേ സമയം ചില ടോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 2027 ആദ്യപാദത്തിലാണ് റിലീസാകുക എന്നാണ് പുറത്തുവരുന്ന വിവരം.
ശ്രീ ദുര്‍ഖ ആര്‍ട്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. അടുത്തിടെ ചിത്രത്തിന്‍റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാകും എന്നും നിര്‍മ്മാതാവ് കെഎല്‍ നാരായണ ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.
രാജമൗലി മഹേഷ് ബാബു ചിത്രത്തിലെ നായികയെ തീരുമാനിച്ചോ?: വന്‍ അപ്ഡേറ്റ്