രഞ്ജിത്തിനെതിരെ നടി; 'പാലേരി മാണിക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ മോശമായി പെരുമാറി, ശരീരത്ത് തൊട്ടു'

By Web TeamFirst Published Aug 23, 2024, 4:01 PM IST
Highlights

പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. 

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി രംഗത്ത്. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ്  ശ്രീലേഖ മിത്ര വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവൻ  ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു. 

ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതിൽ വളരെ സന്തോഷമുണ്ടായിരുന്നു- ശ്രീലേഖ പറയുന്നു.

Latest Videos

വൈകിട്ട് അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ  കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. താൻ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ലെന്നും നടി പറയുന്നു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷിയോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല, ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു. 

വീഡിയോ സ്റ്റോറി

click me!