'എന്റെ പ്രിയപ്പെട്ട സിദ്ദിഖേട്ടാ നിങ്ങൾക്ക് അന്നു തന്നെ മമ്മൂക്കയോട് പറയാമായിരുന്നു'
സഫാരി ടിവിയിലെ ആസ്വാദകപ്രീതി നേടിയ പരിപാടികളില്‍ ഒന്നാണ് ചരിത്രം എന്നിലൂടെ. വിവിധ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ കടന്നുവന്ന വഴികളെക്കുറിച്ച് സുദീര്‍ഘമായ ഓര്‍മ്മകള്‍ അയവിറക്കുന്ന പ്രോഗ്രാം ആണിത്. സംവിധായകന്‍ സിദ്ദിഖിന്‍റെ എപ്പിസോഡുകള്‍ ആണ് പരിപാടിയില്‍ ഇപ്പോള്‍ കടന്നുവരുന്നത്. ഈ പ്രോഗ്രാമില്‍ സിദ്ദിഖ് പങ്കുവച്ച ഒരു ഓര്‍മ്മയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഒരു തമാശ പറഞ്ഞതിന്‍റെ പേരില്‍ നടന്‍ ശ്രീരാമനെ മമ്മൂട്ടി ഒരു ഗള്‍ഫ് ഷോയില്‍ നിന്ന് ഒഴിവാക്കി എന്നായിരുന്നു സിദ്ദിഖിന്‍റെ പരാമര്‍ശം.
ഹരീഷ് പേരടിയുടെ കുറിപ്പ്
സിദ്ദിഖ് എന്ന സംവിധായകൻ സഫാരി ചാനലിൽ ഇരുന്ന് പറയുന്നു.. ശ്രീരാമേട്ടൻ ഒരു തമാശ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ മമ്മൂക്ക ഗൾഫ് ഷോയിൽനിന്ന് ഒഴിവാക്കിയെന്ന്.. എന്റെ പ്രിയപ്പെട്ട സിദ്ദിഖേട്ടാ നിങ്ങൾക്ക് അന്നു തന്നെ മമ്മൂക്കയോട് പറയാമായിരുന്നു, ശ്രീരാമേട്ടൻ ഇല്ലാതെ ഞാൻ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന്. പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പർവ്വത്തിലെ ഈ സർവീസ് സ്റ്റോറി പരമ ബോറാണ്. സത്യസന്ധമായ ആത്മകഥകൾ ഞാൻ വായിക്കാറുണ്ട്. പക്ഷെ ഇത്.. എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്. ബാക്കി ശ്രീരാമേട്ടനും മമ്മൂക്കയും പറയട്ടെ. ഞാൻ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മൂക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്. അതുകൊണ്ടുതന്നെ സൗഹൃദങ്ങളിൽ വിഴുപ്പലക്കാൻ അവർ തയ്യാറാവാനുള്ള സാധ്യതയില്ല. ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളേക്ക് മാറ്റി വെക്കാത്തത്. മൂന്ന് പേർക്കും ആശംസകൾ.
മോഹന്‍ലാലിനെ നായകനാക്കി 2020ല്‍ ഒരുക്കിയ ബിഗ് ബ്രദര്‍ ആണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.