തെന്നിന്ത്യൻ സിനിമയിലെ തന്നെ താരമൂല്യവും വിപണിമൂല്യവും ആരാധകപിന്തുണയുമുള്ള ബ്രാൻഡാണ് വിജയ് (Vijay birthday).
ഇന്ന് തമിഴ് സൂപ്പർ താരം വിജയ്‍യുടെ നാൽപ്പത്തിയെട്ടാം പിറന്നാൾ. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ താരമൂല്യവും വിപണിമൂല്യവും ആരാധകപിന്തുണയുമുള്ള ബ്രാൻഡാണ് വിജയ്. കരിയറിലെ അറുപത്തിയാറാം സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററാണ് പിറന്നാളിന് ആരാധകർക്ക് താരം നൽകുന്ന സമ്മാനം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത് (Vijay birthday).
ഒരു സൂപ്പർ താരമുണ്ടാകുന്നത് എങ്ങനെയാണ്? അസാമാന്യമായ അഭിനയപാടവം? കഥാപാത്രങ്ങളിലേക്ക് ഏതളവിലും പരുവപ്പെടുന്ന വഴക്കവും തികവും? സ്‍ക്രീനിന് പുറത്തേക്കും പ്രസരിക്കുന്ന അസാധാരണ വ്യക്തിപ്രഭാവം? അതെപ്പോഴും അങ്ങനെ ആകണമെന്നില്ല. ഈ ചേരുവകൾക്കെല്ലാമപ്പുറം കണ്ണഞ്ചിക്കുന്ന സൂപ്പർ താരങ്ങളെ നിർമിച്ച, നിർമിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് തമിഴ് തിരൈപ്പടം. അങ്ങനെയൊന്നാണ് ജോസഫ് വിജയ് ചന്ദ്രശേഖർ.
undefined
ബാലതാരമായി വന്ന് യൗവനത്തിൽ കുറച്ച് പ്രേമചിത്രങ്ങൾ ചെയ്‍തതിലധികവും പരാജയം രുചിച്ച്, പിന്നെയടങ്ങാത്ത വിജയക്കൊടുങ്കാറ്റായി വീശിയടിച്ചുകൊണ്ടിരിക്കുന്ന വിസ്‍മയം.
തമിഴ്‍ യുവത്വത്തിന് തന്നെപ്പോലൊരാളെന്ന് തോന്നിപ്പിച്ച അപ്പുറത്തെ വീട്ടിലെ പയ്യനായി ആയിരുന്നു വരവ്. നിർമാതാവായ അച്ഛൻ ചന്ദ്രശേഖറിന്‍റെ സിനിമയിൽ തന്നെ തുടക്കം. സിനിമാകുടുംബത്തിലെ കുട്ടിയെന്ന പരിഗണനയിൽ തുടർച്ചയും കിട്ടി. വളർച്ച പക്ഷേ 96ൽ വന്ന 'പൂവെ ഉനക്കാകെ' മുതലായിരുന്നു. രണ്ടായിരങ്ങളിൽ തമിഴ് സിനിമയിലെ യുവരാജന്‍റെ പട്ടാഭിഷേകം... 'ബദ്രി', 'തിരുമലൈ', 'കാതലുക്ക് മര്യാദൈ', 'തുള്ളാതെ മനവും'... പത്താണ്ടുകൂടി പിന്നിട്ടപ്പോഴേക്കും തമിഴകം കണ്ടത് താരചക്രവർത്തിയുടെ പടയോട്ടം. 'ഗില്ലി', 'വില്ല്', 'പോക്കിരി', 'കാവലൻ',' തലൈവാ', 'തുപ്പാക്കി'... ഹിറ്റുകള്‍ അങ്ങനെ നീളുന്നു
ഇളയ ദളപതി പിന്നെ ദളപതി തന്നെയായി. 'ജില്ല', 'മെർസൽ', 'ബിഗിൽ', 'മാസ്റ്റർ' എന്നിങ്ങനെ ബ്രഹ്മാണ്ഡ ഹിറ്റുകൾ. പതിയെ വിജയ് പടങ്ങൾ രാഷ്‍ട്രീയം പറഞ്ഞുതുടങ്ങി. കേന്ദ്രസർക്കാരിനെതിരെ കഠിന വിമർശനങ്ങൾ, പിന്നാലെ എൻഫോഴ്‍സ്‍മെന്‍റിന്‍റെ ചോദ്യം ചെയ്യൽ, വിവാദം. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. താരം സൈക്കിളിൽ വോട്ട് ചെയ്യാനെത്തുന്നു, ആരാധക സംഘടന നൂറിലധികം തദ്ദേശ സീറ്റുകൾ ജയിക്കുന്ന സ്വാധീന ശക്തിയാകുന്നു, സജീവ രാഷ്‍ട്രീയ പ്രവേശത്തിന്‍റെ സൂചനകൾ നൽകിയും പിന്മാറിയുമെല്ലാം വാർത്തയാകുമ്പോഴും വിജയ്ന്‍റെ താരമൂല്യം ഉയർന്നുയർന്നു പോയ്‍ക്കൊണ്ടിരുന്നു.
പിറന്നാളിന് തൊട്ടുമുമ്പ് കരിയറിലെ അറുപത്തിയാറാം സിനിമയുടെ ടൈറ്റിലെത്തി. ദേശീയ പുരസ്കാര ജേതാവ് വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'വരശില്‍' ആരാധകപ്രതീക്ഷ വാനോളം. 'വിക്ര'ത്തിന്‍റെ മെഗാ വിജയത്തിന് ശേഷം ലോകേഷ് കനകരാജിന്‍റെ അടുത്ത പ്രൊജക്റ്റും വിജയ് സിനിമയാണ്.
Read More : വംശി പൈഡിപ്പള്ളിയുടെ വിജയ് ചിത്രത്തിന് പേരായി, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു