ഛപാക് വെറുമൊരു സിനിമയല്ല, കാരണം വ്യക്തമാക്കി ഗുല്‍സാര്‍

By Web Team  |  First Published Jan 4, 2020, 8:56 PM IST

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിതകഥയാണ് ഛപാക് പറയുന്നത്.


ദീപിക പദുക്കോണ്‍ നായികയാകുന്ന ഛപാക് എന്ന സിനിമ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഛപാക് വെറുമൊരു സിനിമ മാത്രമല്ല ഒരു മുന്നേറ്റം കൂടിയാണ് എന്ന് ചലച്ചിത്രകാരൻ ഗുല്‍സാര്‍ പറയുന്നു. സിനിമയിലെ ഗാനരചന നിര്‍വഹിച്ചത് ഗുല്‍സാറാണ്.

മേഘ്‍ന, ലക്ഷ്‍മി, ദീപിക എന്നിവര്‍ നേടിയ നേട്ടങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഛപാക് ഒരു സിനിമ മാത്രമല്ല, സമൂഹത്തിലെ ഒരു മുന്നേറ്റമാണ്. സിനിമ ഒരുക്കാനും അതിലൂടെ  ആ പ്രശ്‍നത്തെക്കുറിച്ച് സംസാരിക്കാനുമുള്ള അവരുടെ തീരുമാനം പ്രശംസനീയമാണ്. ഇത് മറ്റേതൊരു സിനിമ പോലെയല്ല, അവര്‍ അതിലൂടെ നിങ്ങളോട് ചിലത് പറയുന്നു. ആ വിഷയത്തില്‍ ഒരു ചര്‍ച്ച ആരംഭിക്കാനും അതിനെക്കുറിച്ച് സമൂഹത്തോട് പറയാനും അവര്‍ ആഗ്രഹിക്കുന്നു. ആ പ്രസ്ഥാനത്തിന്റെ ലൈറ്റിംഗ് ടോര്‍ച്ച് ലക്ഷ്‍മിയാണ്. വെളിച്ചം അവളില്‍ നിന്നാണ് ജനിക്കുന്നത്- ഗുല്‍സാര്‍ പറയുന്നു.  ചലച്ചിത്രലോകത്ത് സ്‍ത്രീകളുടെ സുരക്ഷയെ കുറിച്ച് ഞാൻ എന്നും ആശങ്കാകുലനായിരുന്നു. അവര്‍ എങ്ങനെ സുരക്ഷിതരാകും എന്ന് ഞാൻ ആലോചിച്ചിരുന്നു. പക്ഷേ കാലംകഴിയവേ അവര്‍ അവരുടെ സുരക്ഷ ഏറ്റെടുത്തു. പുരുഷനോട് തോള്‍ചേര്‍ന്ന് അവര്‍ പ്രവര്‍ത്തിക്കുന്നു. സിനിമയില്‍ ഇപ്പോള്‍ എല്ലായിടത്തും നമുക്ക് സ്‍ത്രീകളെ കാണാം. സ്‍ത്രീ കേന്ദ്രീകൃത സിനിമകള്‍ വരുന്നു. അതിനെ നമുക്ക് പുരോഗമനം എന്ന് വിളിക്കാം.  സ്‍ത്രീകള്‍ സ്വയം കരുത്തരായി മാറിയിരിക്കുന്നു- ഗുല്‍സാര്‍ പറയുന്നു.   മേഘ്ന ഗുല്‍സാര്‍ ആണ് ഛപാക് സംവിധാനം ചെയ്‍തിരിക്കുന്നത്. സിദ്ധാര്‍ഥ് മഹാദേവൻ ആണ് ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത്. ശങ്കര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിക്രാന്ത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അതിക ചൊഹാനും മേഘ്‍ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Latest Videos

click me!