'ഗോള്‍ഡി'ന് ഒടിടി റിലീസ്; ആമസോണ്‍ പ്രൈമിലെ തീയതി പ്രഖ്യാപിച്ചു

By Web Team  |  First Published Dec 23, 2022, 6:41 PM IST

പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്


മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗോള്‍ഡ്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. ഒപ്പം അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും എത്തുന്ന ചിത്രം എന്നതും. എന്നാല്‍ റിലീസിനു പിന്നാലെ ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അതേസമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഓണം റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഡിസംബര്‍ 1 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്ററില്‍ വര്‍ക്ക് ആവാത്ത ചിത്രമാണെങ്കിലും തങ്ങള്‍ക്ക് ലാഭമാണ് ഗോള്‍ഡ് ഉണ്ടാക്കിയതെന്ന് പൃഥ്വിരാജ് ഈയിടെ പറഞ്ഞിരുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.

Latest Videos

ALSO READ : സസ്പെന്‍സിനൊടുവില്‍ പേര് എത്തി; ലിജോ- മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ വലിയൊരു താരനിരയും അണിനിരന്ന ചിത്രമായിരുന്നു ഗോള്‍ഡ്. മല്ലിക സുകുമാരന്‍, ബാബുരാജ്, ലാലു അലക്സ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, ജഗദീഷ്, അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ്, ദീപ്തി സതി, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, അബു സലിം, അല്‍ത്താഫ് സലിം എന്നിങ്ങനെ നീളുന്നു ചിത്രത്തിന്‍റെ താരനിര.

click me!