വിജയ് നായകനായ ഗോട്ട് എന്ന ചിത്രത്തിന് സെപ്റ്റംബർ 5 ന് ഒരു പ്രത്യേക ഷോ നടത്താൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകി. എന്നാൽ അതിരാവിലെ ഷോകൾ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം സർക്കാർ നിരസിച്ചു.
ചെന്നൈ: വിജയ് ചിത്രം ഗോട്ട് വന്‍ റിലീസിന് ഒരുങ്ങുകയാണ്. അതിനിടയില്‍ ചിത്രത്തിന്‍റെ നിർമ്മാതാക്കളുടെ അഭ്യർത്ഥനയെത്തുടർന്ന് സെപ്തംബർ 5 ന് ദളപതി 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' അഥവ 'ഗോട്ട്' സിനിമയ്ക്ക് ഒരു പ്രത്യേക ഷോയ്ക്ക് തമിഴ്‌നാട് സർക്കാർ അനുമതി നൽകി.
സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എല്ലാ തിയറ്ററുകളിലും ഒരു പ്രത്യേക ഷോ മാത്രമേ അധികമായി നല്‍കിയിട്ടുള്ളൂ. ഓപ്പണിംഗ് ഷോ രാവിലെ 9 മണിക്ക് ആരംഭിക്കുകയും അവസാന ഷോ 2 മണിക്ക് അവസാനിക്കുകയും ചെയ്യണം. തിയേറ്ററുകളിൽ പ്രതിദിനം പരമാവധി അഞ്ച് ഷോകൾ മാത്രമേ പ്രദർശിപ്പിക്കാൻ അനുവാദമുള്ളൂവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
2023 ജനുവരിക്ക് ശേഷം തമിഴ്നാട്ടില്‍ അതിരാവിലെ ഷോകള്‍ അനുവദിക്കാറില്ല. അതില്‍ ഇളവ് ഗോട്ട് നിര്‍മ്മാതാക്കള്‍ ചോദിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല. നേരത്തെ രജനികാന്ത് ചിത്രം ജയിലര്‍, വിജയ് ചിത്രം ലിയോ പോലുള്ള ചിത്രങ്ങള്‍ക്കും ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നില്ല.
സെപ്തംബർ 5, 6 തീയതികളിൽ സ്‌പെഷ്യൽ ഷോ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് 'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസായ എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് തമിഴ്‌നാട് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച മാത്രമായിരിക്കും അഞ്ച് ഷോ അനുമതി എന്നാണ് ഉത്തരവ് പറയുന്നത്.
പ്രസ്തുത അപേക്ഷ പരിഗണിച്ച് സ്പെഷ്യൽ സ്ക്രീനിങ്ങിന്‍റെ സമയം വർധിപ്പിച്ചാല്‍ പൊലീസിന്‍റെ സഹകരണത്തോടെ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടിവരും എന്ന് റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇതും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
പ്രധാനമായി, വിജയുടെ കരിയറിലെ അവസാന പടത്തിന് മുന്‍പുള്ള ചിത്രം എന്ന കാരണത്താല്‍ ഇതിനകം വന്‍ ഹൈപ്പിലാണ് ചിത്രം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം അടക്കം വിജയ് നടത്തിയിട്ടുണ്ട്. വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് വിവരം. യുവാന്‍ ശങ്കര രാജയാണ് സംഗീതം.
കാവാലയ്യക്ക് ശേഷം 'അതില്‍ ഒരു റിസ്ക് എലമെന്‍റ് ഉണ്ടായിരുന്നു': തുറന്നു പറഞ്ഞ് തമന്ന