വെള്ളിയാഴ്ചയാണ് (ഡിസംബര്‍ 8) സിനിമ പ്രഖ്യാപിക്കപ്പെട്ടത്
ഭാഷാതീതമായി ഇന്ത്യന്‍ സിനിമാപ്രേമിയെ ലക്ഷ്യംവെക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമകളുടെ കാലമാണിത്. തെന്നിന്ത്യന്‍ സൂപ്പര്‍താരചിത്രങ്ങളില്‍ മിക്കതും ഇന്ന് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരെ മുന്നില്‍ കാണുന്നുണ്ട്. ബാഹുബലിക്ക് പിന്നാലെ കെജിഎഫും പുഷ്പയും കാന്താരയും ആര്‍ആര്‍ആറുമൊക്കെ ആ വഴിക്ക് നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും പ്രതീക്ഷ കൂട്ടിയിട്ടുമുണ്ട്. ആ തരത്തില്‍ ഒരു ശ്രദ്ധേയ പ്രോജക്റ്റിന്‍റെ പ്രഖ്യാപനം ഇന്നുണ്ടായി. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം നായകന്‍ യഷ് അഭിനയിക്കുന്ന പുതിയ ചിത്രമാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
ടോക്സിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ആണ്. യഷ് നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുക ഗീതു ആയിരിക്കുമെന്ന് ഏറെക്കാലമായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യഷിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആയിരിക്കും അതിന്‍റെ പ്രഖ്യാപനമെന്നും. എന്നാല്‍ പിറന്നാളിന് ഒരു മാസം മുന്‍പ് അത് പ്രഖ്യാപിക്കപ്പെട്ടു. മലയാളികള്‍ക്ക് മാത്രമല്ല, സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന മറുഭാഷാ പ്രേക്ഷകരില്‍ പലര്‍ക്കും അറിയാവുന്ന പേരാണ് ഗീതു മോഹന്‍ദാസിന്‍റേത്. നിവിന്‍ പോളി നായകനാവുന്ന മൂത്തോന് മുന്‍പ് അരങ്ങേറ്റ ചിത്രമായി ഗീതു സംവിധാനം ചെയ്തത് 2014 ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം ലയേഴ്സ് ഡൈസ് ആയിരുന്നു. മികച്ച നടിക്കും ഛായാഗ്രാഹകനുമുള്ള (രാജീവ് രവി) ദേശീയ പുരസ്കാരങ്ങളും ഈ ചിത്രം നേടിയിരുന്നു. എന്നാല്‍ യഷ് ആരാധകരില്‍ വലിയൊരു വിഭാഗത്തിനും ഗീതുവിന്‍റെ പേര് സുപരിചിതമല്ല. അതിനാല്‍ത്തന്നെ ഈ സംവിധായിക ആരെന്ന തെരച്ചില്‍ ഗൂഗിളില്‍ ഇന്ന് കാര്യമായി ഉണ്ടായി.
ഗൂഗിളില്‍ ഇന്ത്യയില്‍ നിന്ന് ഇന്ന് ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട പേരുകളിലൊന്ന് ഗീതു മോഹന്‍ദാസിന്‍റേതാണ്. പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് രാവിലെ 9.55 ന് ഉണ്ടാവുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ യഷ് അറിയിച്ചിരുന്നു. കൃത്യമായി ആ സമയത്തുതന്നെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയും എത്തി. ഇതിന് കൃത്യം 9 മിനിറ്റ് മുന്‍പ് ഗീതു മോഹന്‍ദാസ് എന്ന ഇംഗ്ലീഷ് സെര്‍ച്ച് ഗൂഗിളില്‍ വന്നുതുടങ്ങി. രാവിലെ 10.02 നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഈ പേര് ഗൂഗിളില്‍ തെരഞ്ഞത്. ഇന്ന് 50,000 ല്‍ അധികം സെര്‍ച്ച് വന്ന ടോപ്പിക്കുകളുടെ കൂട്ടത്തിലാണ് ഗൂഗിള്‍ ട്രെന്‍ഡ്സ് ഗീതു മോഹന്‍ദാസ് എന്ന പേര് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ആദ്യ രണ്ട് ചിത്രങ്ങളും നിരൂപകപ്രീതിയും പുരസ്കാരങ്ങളും നേടിയെങ്കിലും വലിയ വിഭാഗം പ്രേക്ഷകരിലേത്ത് എത്തിക്കാന്‍ ഗീതുവിന് കഴിഞ്ഞിരുന്നില്ല. ടോക്സികിലൂടെ അത് മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഞാൻ എപ്പോഴും എന്റെ ആഖ്യാന ശൈലിയിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്‌സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തിൽ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താൻ ഞാൻ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയിൽ നിന്നാണ് ഈ പ്രോജക്റ്റ് ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്. യഷ് ആണ് ഈ സിനിമയ്ക്ക് യോജ്യനെന്ന് ഞാന്‍ മനസിലാക്കുകയായിരുന്നു. ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതിന്‍റെ ആവേശത്തിലാണ് ഞാൻ, ഗീതു മോഹന്‍ദാസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം