ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രം
ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് നായകനായും അബൂ സലിം ടൈറ്റിൽ റോളിലും എത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല. അതേസമയം പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയില്‍ ഉള്‍പ്പെടെ ചിത്രം മികച്ച റേറ്റിംഗ് ആണ് നേടിയത്. ഒടിടി റിലീസില്‍ ചിത്രം നേട്ടമുണ്ടാക്കിയേക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.
ഓണം സീസണില്‍ വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം ക്ലാഷ് റിലീസ് വന്നത് ചിത്രത്തിന് പ്രതികൂലമായതായാണ് അണിയറക്കാരുടെ വിലയിരുത്തല്‍. വലിയ താരമൂല്യം ഇല്ലാതിരുന്നതും വിതരണത്തിലും മാർക്കറ്റിംഗിലും വന്ന പിഴവുകളും ചിത്രത്തിന് അർഹിച്ച വിജയം നേടിക്കൊടുക്കാതെപോയെന്നും അവര്‍ വിലയിരുത്തുന്നുണ്ട്. 9.2 ആണ് നിലവില്‍ ചിത്രത്തിന്‍റെ ഐഎംഡിബി റേറ്റിംഗ്.
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. ക്യാമറ രജീഷ് രാമൻ, എഡിറ്റിംഗ് സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനർ എസ് മുരുകൻ.