ചിത്രം സംക്രാന്തിക്ക് തിയറ്ററുകളില്‍
ബിഗ് കാന്‍വാസിലെ വിസ്മയിപ്പിക്കുന്ന കഥപറച്ചിലുകളിലൂടെ ഒരു കാലത്ത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ കൈയടി വാങ്ങിയ സംവിധായകനാണ് ഷങ്കര്‍. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ചില ഹിറ്റുകളും അദ്ദേഹത്തിന്‍റെ പേരിലാണ്. സിനിമ പോലെ തന്നെ പാട്ടുകളുടെ ചിത്രീകരണവും വലിയ കാന്‍വാസില്‍ നടത്തുന്ന സംവിധായകനാണ് ഷങ്കര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ഗെയിം ചേഞ്ചറിന്‍റെ മ്യൂസിക് ബജറ്റ് വാര്‍ത്തകളില്‍ നിറയുകയാണ്.
ഇന്ത്യന്‍ 2 ന് ശേഷം ഷങ്കറിന്‍റേതായി എത്തുന്ന ഗെയിം ചേഞ്ചര്‍ എന്ന ചിത്രം തെലുങ്കിലാണ്. രാം ചരണ്‍ ആണ് നായകന്‍. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ ആകെ ബജറ്റ് 400 കോടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നാല് പാട്ടുകളാണ് ഉള്ളത്. 4 പാട്ടുകളുടെ ചിത്രീകരണത്തിന് മാത്രം ഷങ്കര്‍ ചെലവാക്കിയത് 75 കോടിയാണ്. ഇതില്‍ ഒരു ഗാനത്തില്‍ 600 നര്‍ത്തകരും മറ്റൊരു ഗാനത്തില്‍ 1000 നര്‍ത്തകരുമുണ്ട്. മൂന്നാമത്തെ ഗാനത്തില്‍ റഷ്യയില്‍ നിന്നുള്ള 100 നര്‍ത്തകരും. പ്രഭുദേവ, ഗണേഷ് ആചാര്യ, ജാനി മാസ്റ്റര്‍ എന്നിവരാണ് ഗാനങ്ങളുടെ നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷങ്കറിനൊപ്പം എസ് വെങ്കടേശനും ചേര്‍ന്നാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരണ്‍ ചിത്രത്തില്‍ എത്തുന്നത്. അഞ്ജലി, കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, നാസര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : സംഗീതം നവനീത്; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനമെത്തി