സിനിമാ സെറ്റുകളിലെ പൊലീസ് പരിശോധന: സ്വാഗതം ചെയ്ത് ഫിലിം ചേംബർ, സഹായിക്കുമെന്ന് ജി സുരേഷ് കുമാർ

By Web Team  |  First Published May 7, 2023, 11:29 AM IST

കുറച്ചുകൂടെ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നുവെന്ന് സുരേഷ് കുമാർ


തിരുവനന്തപുരം: സിനിമാ സെറ്റുകളിൽ ലഹരി മരുന്ന് ഉപയോഗം തടയാനുള്ള പൊലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ. സിനിമാ സെറ്റിലെ ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ വ്യക്തമാക്കി. ഈ പരിശോധന കുറച്ചുകൂടെ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇനിയും ഇത് വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു.

'വളരെ നല്ല കാര്യമാണ്. വളരെയധികം സന്തോഷമുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സംസാരിച്ചത് താൻ രാവിലെ കേട്ടിരുന്നു. ഇത് കുറച്ച് നാൾ മുൻപേ ചെയ്യേണ്ടതായിരുന്നു. ഇനിയിത് വെച്ചുപൊറുപ്പിക്കാൻ പറ്റില്ല. കുറച്ച് പേരാണ് പ്രശ്നക്കാർ. അവർ കാരണം എല്ലാവരും ചീത്തപ്പേര് കേൾക്കുന്നു. ആ കുറച്ച് പേരെ മാറ്റിനിർത്തും. അങ്ങനെയുള്ളവർ സഹകരിക്കേണ്ട. അവർ വീട്ടിലിരിക്കട്ടെ. വിവരങ്ങൾ കിട്ടിയാൽ പൊലീസിന് കൈമാറുകയും ചെയ്യും' - അദ്ദേഹം പറഞ്ഞു.

Latest Videos

'ലിബർട്ടി ബഷീറ്ക്ക സിനിമയെടുത്ത് കുറേ കാലമായത് കൊണ്ടായിരിക്കാം അദ്ദേഹം വ്യത്യസ്ത അഭിപ്രായം പറഞ്ഞത്. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്ന് നിർമ്മാതാക്കൾക്ക് അറിയാം. പൊലീസിന്റെ പക്കലും കൃത്യമായ വിവരങ്ങളുണ്ട്. തത്കാലം നിർമ്മാതാക്കൾ പേരുകൾ പൊലീസിന് നൽകില്ല. എന്നാൽ വേണ്ടി വന്നാൽ കൊടുക്കും. പൊലീസിനും ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നും ആരാണ് ഇവർക്ക് ലഹരി എത്തിക്കുന്നതെന്നും കൃത്യമായി അറിയാം,'- സുരേഷ്‌കുമാർ പറഞ്ഞു.

ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ ഇന്ന് പറഞ്ഞിരുന്നു. സിനിമാ സെറ്റുകളിൽ ഇനി മുതൽ ഷാഡോ പോലീസ് വിന്യസിച്ച് പരിശോധന നടത്താനാണ് തീരുമാനം. ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ സെറ്റുകളിൽ റെയ്‌ഡ് നടത്തും. എന്നാൽ ഇതുവരെ സിനിമാ രംഗത്തുള്ള ആരിൽനിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ പൊലീസും മൊഴിയെടുക്കുമെന്നും കമ്മീഷണർ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

click me!