"ഈ സര്‍ക്കാരിനെതിരെ പറയാന്‍ പേടിയുള്ളവര്‍ കാണുമായിരിക്കും. പക്ഷേ ഉള്ള കാര്യം പറയാന്‍ ആരെയും പേടിക്കേണ്ടതില്ലെന്നാണ് എന്‍റെ നിലപാട്.."
ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിച്ചിരുന്ന മാറ്റത്തെ വിമര്‍ശിച്ച് പ്രമുഖ നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റുമായ ജി സുരേഷ് കുമാര്‍. ജേതാക്കള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് പുരസ്കാരം നല്‍കുന്ന പതിവിനു പകരം വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്കാരങ്ങള്‍ ജേതാക്കള്‍ സ്വയം എടുക്കുകയായിരുന്നു ഇത്തവണ. കൊവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍ ഇത് അവാര്‍ഡ് ജേതാക്കളെ അപമാനിക്കലാണെന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയാണെന്നും സുരേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.
ALSO READ: 'ഇക്കാരണങ്ങളാല്‍ അവാര്‍ഡ് വിതരണ രീതിയില്‍ തെറ്റില്ല'; പ്രതികരണവുമായി സ്വാസിക വിജയ്
ജി സുരേഷ് കുമാറിന്‍റെ പ്രതികരണം
"ഇത്തരമൊരു പ്രവണത ശരിയല്ല. അവാര്‍ഡ് ജേതാക്കളെയൊക്കെ കൊവിഡ് ടെസ്റ്റ് എടുത്തതിന് ശേഷമാണ് കൊണ്ടുവന്നത് എന്നാണ് ഞാന്‍ പിന്നീട് അറിഞ്ഞത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഇവര്‍ക്ക് പുരസ്കാരം എടുത്ത് കൊടുത്തതുകൊണ്ട് എന്താണ് കുഴപ്പം? അവാര്‍ഡ് മേശപ്പുറത്ത് കൊണ്ടുവെച്ചിട്ട് എടുത്തുകൊണ്ട് പൊക്കോ എന്ന് പറയുന്നത് ആ വ്യക്തികളെ അപമാനിക്കുന്നതിന് തുല്യമല്ലേ? ജെ സി ഡാനിയേല്‍ പുരസ്കാരം പോലും അങ്ങനെയാണ് കൊടുത്തത്. പുരസ്കാരം വീട്ടിലെത്തിച്ചാല്‍ പോരായിരുന്നോ? അല്ലെങ്കില്‍ അടുത്ത വര്‍ഷം കൊടുക്കുന്നതിനൊപ്പം കൊടുത്താല്‍ മതിയായിരുന്നു.
മറ്റൊരു മുന്നണി ഭരിക്കുന്ന സമയത്താണ് ഇങ്ങനെ ചെയ്തിരുന്നതെങ്കില്‍ ഇവിടെ സംഭവിക്കാമായിരുന്ന പുകില്‍ ഒന്നാലോചിച്ച് നോക്കൂ. മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ ഇത് പറ്റിയെന്നുവരില്ല, ശരിയായിരിക്കാം. പക്ഷേ അപ്പോള്‍ കൂടെയുള്ള മറ്റ് മന്ത്രിമാരെ ഏല്‍പ്പിക്കാമായിരുന്നു. ലോകത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു അവാര്‍ഡ് ദാനം? നാളെ ഓസ്കര്‍ അവാര്‍ഡ് മേശപ്പുറത്ത് വച്ചിട്ട് എടുത്തുകൊണ്ടുപോകാന്‍ പറഞ്ഞാല്‍ എങ്ങനെ ഇരിക്കും. അവാര്‍ഡ് വിജയികളെ സംബന്ധിച്ച് ഇത് വാങ്ങാന്‍ വരുന്നത് വലിയൊരു അഭിമാനത്തോടെയല്ലേ? അന്നൊരിക്കല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സുഖമില്ലാത്തതിനാല്‍ പത്ത് പേര്‍ക്കേ അദ്ദേഹം നേരിട്ട് കൊടുക്കൂ, ബാക്കിയുള്ളവര്‍ക്ക് സ്‍മൃതി ഇറാനി കൊടുക്കും എന്നു പറഞ്ഞപ്പോള്‍ ദേശീയ അവാര്‍ഡ് ഇട്ടെറിഞ്ഞിട്ട് വന്നവരാണ് ഇവിടുത്തെ സിനിമക്കാര്‍.
ഇവിടെ പക്ഷേ അതൊന്നും അവര്‍ക്കൊരു പ്രശ്നമല്ല. പ്രതികരിക്കാനുള്ള ധൈര്യമില്ല. മറ്റൊന്നും കൊണ്ടല്ല, എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുമല്ല, ആരും പ്രതികരിക്കാത്തതിനാലാണ് ഞാന്‍ പ്രതികരിച്ചത്. ആരെങ്കിലും പറയണം. അതുകൊണ്ട് പറഞ്ഞുപോയതാണ്. രാജഭരണകാലത്ത് രാജാവ് പോലും ചെയ്യില്ല ഇത്. സിനിമാമേഖലയിലെ സുഹൃത്തുക്കളൊക്കെ വിളിച്ച് നന്നായി എന്നാണ് പറഞ്ഞത്. ഈ സര്‍ക്കാരിനെതിരെ പറയാന്‍ പേടിയുള്ളവര്‍ കാണുമായിരിക്കും. പക്ഷേ ഉള്ള കാര്യം പറയാന്‍ ആരെയും പേടിക്കേണ്ടതില്ലെന്നാണ് എന്‍റെ നിലപാട്. ആരും മിണ്ടാതിരുന്നാല്‍ നാളെയും ഇത് ആവര്‍ത്തിക്കപ്പെടും."