'ആദ്യ പകുതി ആരാധകര്‍ക്ക്, രണ്ടാം പകുതി എല്ലാവര്‍ക്കും'; 'തുനിവി'നെക്കുറിച്ച് സംവിധായകന്‍

By Web Team  |  First Published Jan 7, 2023, 5:03 PM IST

"അയഥാര്‍ഥമായ പ്രതീക്ഷകളോടെയല്ലാതെ തുറന്ന മനസോടെ ചിത്രം കാണാന്‍ എത്തണം"


തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. ആരാധക സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല അദ്ദേഹമെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് അജിത്ത് ആരാധകര്‍. അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് പറയുകയാണ് തുനിവ് സംവിധായകന്‍ എച്ച് വിനോദ്. അജിത്ത് നായകനായ കഴിഞ്ഞ രണ്ട് ചിത്രങ്ങളും (നേര്‍കൊണ്ട പാര്‍വൈ, വലിമൈ) സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു.

സിനിമകളുടെ നിര്‍മ്മാണ ഘട്ടത്തില്‍ പുതിയ അപ്ഡേറ്റുകള്‍ക്കായി അജിത്ത് ആരാധകര്‍ എപ്പോഴും മുറവിളി കൂട്ടുമെന്ന് പറയുന്നു വിനോദ്. "നിര്‍മ്മാണ ഘട്ടത്തില്‍ ഒരു ചിത്രത്തിന്‍റെ പ്രൊമോ വീഡിയോയും സ്റ്റില്‍സുമൊക്കെ പുറത്തുവിടുന്നതിന് പരിമിതിയുണ്ട്.  റിലീസിനെത്തുമ്പോഴത്തേക്കും ചിത്രത്തിന്‍റെ സസ്പെന്‍സ് അവ ഇല്ലാതാക്കും എന്നതാണ് കാരണം. വലിമൈയുടെ സമയത്ത് ആരാധക സമ്മര്‍ദ്ദത്താല്‍ പല വീഡിയോകളും പുറത്തുവിടേണ്ടിവന്നു. അവസാനം ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോള്‍ അവര്‍ക്ക് പുതുതായി കാണാന്‍ ഒന്നും ഉണ്ടായിരുന്നില്ല". തുനിവ് എത്തരത്തിലുള്ള ചിത്രമായിരിക്കുമെന്നും വിനോദ് പറയുന്നു. 

Latest Videos

ALSO READ : അജിത്തോ വിജയ്‍യോ? കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗില്‍ മുന്നില്‍ ആര്?

"തുനിവിന്‍റെ ആദ്യ പകുതി അജിത്ത് ആരാധകരെ തൃപ്തിപ്പെടുത്തും. അതേസമയം ചിത്രത്തിന്‍റെ രണ്ടാം പകുതി എല്ലാത്തരം പ്രേക്ഷകര്‍ക്കുംവേണ്ടി ഉള്ളതാണ്". അയഥാര്‍ഥമായ പ്രതീക്ഷകളോടെയല്ലാതെ തുറന്ന മനസോടെ ചിത്രം കാണാന്‍ എത്തണമെന്നും അദ്ദേഹം സിനിമാപ്രേമികളോട് അഭ്യര്‍ഥിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ജനുവരി 11 ന് പൊങ്കല്‍ റിലീസ് ആയാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇതേ ദിവസമാണ് വിജയ് നായകനാവുന്ന വാരിസും തിയറ്ററുകളില്‍ എത്തുക. 

click me!