ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം: കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചലച്ചിത്രതാരം വിനോദ് തോമസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജിലാകും പോസ്റ്റുമോർട്ടം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാർട്ടാക്കിയ കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാർ ജീവനക്കാർ അന്വേഷിച്ചതും തുടർന്ന് ഉള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയതും. തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിന് തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. അയ്യപ്പനും കോശിയും ഉൾപ്പെടെ ഉള്ള ചിത്രങ്ങളിൽ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ആമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരിച്ചത്. കോട്ടയം മീനടം സ്വദേശിയാണ്.