അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് വിനയൻ.
പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്‘ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്. ഇപ്പോഴിതാ ചിത്രത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് വിനയൻ.
തിരുവിതാംകൂർ മഹാരാജാവായാണ് അനൂപ് മേനോൻ ചിത്രത്തിൽ എത്തുന്നത്. പോസ്റ്റാറിനൊപ്പം ഒരു കുറിപ്പും വിനയൻ പങ്കുവെച്ചിട്ടുണ്ട്.
വിനയന്റെ വാക്കുകൾ
പ്രിയങ്കരരായ എല്ലാ സുഹൃത്തുക്കൾക്കും എൻെറ ഹൃയം നിറഞ്ഞ ഓണാശംസകൾ നേർന്നു കൊള്ളട്ടെ... "പത്തൊമ്പതാം നൂറ്റാണ്ടി"ൻ്റെ ആദ്യ character poster ഇന്നു റിലീസ് ചെയ്യുകയാണ്.. ഇനിയും അറുപതോളം പ്രധാന കഥാ പാത്രങ്ങളുടെ പോസ്റ്റേഴ്സ് ഈ വലിയ ചരിത്ര സിനിമയുടേതായി നിങ്ങളേ പരിചയപ്പെടുത്തേണ്ടതായിട്ടുണ്ട്.പ്രിയ നടൻ അനൂപ് മേനോൻ അഭിനയിക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച മഹാരാജാവിൻെറ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.. ഏതു മഹാരാജാവിനെ ആണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്കു മനസ്സിലാകും.പത്തൊമ്പതാം നൂറ്റാണ്ടിൻെറ ആദ്യ വർഷങ്ങളിൽ 1810 വരെ അവിട്ടം തിരുന്നാൾ മഹാരാജാവായിരുന്നു തിരുവിതാംകൂറിൻെറ ഭരണാധി കാരി. അതു കഴിഞ്ഞ്1815 വരെ റാണി ഗൗരീ ലക്ഷ്മീഭായി ആയിരുന്നു മഹാറാണി..1829 വരെ ബാലനായിരുന്ന സ്വാതി തിരുനാളിനു വേണ്ടി രാജ്യംഭരിച്ച റാണി ഗൗരി പാർവ്വതി ഭായി തിരുവിതാംകൂറിൻെറ റീജൻറ് ആയിരുന്നു. അതിനു ശേഷം 1846 വരെ സ്വാതി തിരുനാളും 1860 വരെ ഉത്രം തിരുന്നാളും 1880 വരെ ആയില്യം തിരുന്നാളും തിരുവിതാംകൂറിൻെറ മഹാരാജാക്കൻമാർ ആയിരുന്നു. പൂർണ്ണമായും ഒരു ആക്ഷൻ ഓറിയൻറഡ് ഫിലിം ആണങ്കിൽ കൂടി ഈ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നുണ്ട്..1812 ഡിസംബർ 5ന് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമപ്പണിയും, അടിമക്കച്ചവടവും നിർത്തലാക്കിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നതാണ്. പക്ഷേ തങ്ങളുടെ വയലുകളിൽ മാടുകളെ പോലെ പണിയെടുപ്പിക്കാൻ ഈ അടിമകൾ അനിവാര്യമെന്നു തോന്നിയിരുന്ന ചില പ്രമാണികൾ ആ നിയമം കാറ്റിൽ പറത്തിക്കൊണ്ടു മുന്നോട്ടു പോയി. ഒടുവിൽ 1854 ൽ ഉത്രം തിരുന്നാൾ മഹാരാജാവിൻെറ ശക്തമായ ഇടപെടൽ വീണ്ടും വേണ്ടി വന്നു അടിമക്കച്ചവടം നിർത്തലാക്കാൻ... അതു പോലെ താണ ജാതിയിൽ പെട്ട സ്ത്രീകൾക്ക് മാറു മറയ്കാനുള്ള അവകാശം നൽകിക്കൊണ്ട് 1812ൽ തന്നെ റാണി ഗൗരി ലക്ഷ്മിഭായ് വിളംബരം ചെയ്തിട്ടും പിന്നെയും ഒരു നൂറ്റാണ്ടിലേറെ എടുത്തു അധ: സ്ഥിതർക്ക് ആ അവകാശം വേണ്ടരീതിയിൽ ഈനാട്ടിൽ ലഭ്യമാകുവാൻ... നമ്മുടെ സാഹിത്യത്തിലോ, സിനിമയിലോ, ഈ വിഷയം വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? പത്തൊമ്പതാം നൂറ്റാണ്ട് അതിനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്.. എല്ലാവർക്കും ഒരിക്കൽകൂടി എൻെറയും പത്തൊമ്പതാം നൂറ്റാണ്ട് ടീമിൻെറയും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു..
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona